കോട്ടയം : ലോക്ക് ഡൗണോടെ സ്വകാര്യ ബസുകൾ സർവീസ് അവസാനിപ്പിച്ചപ്പോൾ ജീവിതം ബ്രേക്ക് ഡൗണായ അവസ്ഥയിലാണ് ഏഴായിരത്തോളം തൊഴിലാളികൾ. ജനുവരി മുതൽ ആളുകൾ കയറി മേഖല കരകയറിത്തുടങ്ങിയപ്പോഴാണ് വീണ്ടും രോഗ വ്യാപനം. നികുതിയിൽ സർക്കാർ വിട്ടുവീഴ്ച ചെയ്താലേ ബസുകൾ സർവീസ് നടത്തൂവെന്നാണ് ഉടകളുടെ നിലപാട്. നിരത്തിലിറക്കിയാൽ തന്നെ ആളുകൾ പൊതുഗതാഗതത്തെ ആശ്രയിക്കാൻ മടിക്കുമെന്നത് മറ്റൊരു ആശങ്കയും. മുൻപ് മേഖല തകർന്നപ്പോൾ പകുതി കൂലിക്കുമൊക്കെ ജോലി ചെയ്യാൻ തൊഴിലാളികൾ തയ്യാറായിരുന്നു. നേരത്തെ മുതൽ നഷ്ടത്തിലായതിനാൽ മുതലാളിമാർക്കും സഹായിക്കാനാകുന്നില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇരുപത് രൂപയിലേറെയാണ് ഇന്ധനവില കൂടിയത്. ഇതിനിടെ ജി ഫോം കൊടുത്തിട്ടുമുണ്ട് ഒരു വിഭാഗം ഉടമകൾ. ഇത്രയും നാൾ ഓടാതെ കിടന്നതിനാൽ ബസ് അറ്റകുറ്റപ്പണിക്ക് വഴി തേടുന്ന ഉടമയോട് പണം കടമായി പോലും ചോദിക്കാൻ തൊഴിലാളികൾക്ക് കഴിയുന്നില്ല.
ക്ഷേമനിധിയും കിട്ടില്ല
തൊഴിലാളികളുടെ ക്ഷേമനിധി വിഹിതം കൃത്യമായി അടച്ചവർക്ക് 1000 രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചെങ്കിലും 20 ശതമാനംപോലും വിഹിതം അടച്ചിട്ടില്ലാത്തതിനാൽ ആനുകൂല്യവും കിട്ടിയില്ല. ഡീസൽ നികുതി ഉൾപ്പെടെ സർക്കാരിനുള്ള വരുമാനത്തിൽ കുറവു വരുത്തിയാൽ മാത്രമേ ബസ് വ്യവസായത്തിന് മുന്നോട്ടു പോകാനാവൂ എന്ന് ഉടമകളും തൊഴിലാളികളും പറയുന്നു. വർക്ക്ഷോപ്പ്, അപ്ഹോൾസ്റ്ററി പെയിന്റിംഗ് വർക്സ് മേഖലകളിലെ ആയിരത്തോളം തൊഴിലാളികളും ബസുകൾ നിരത്തിൽ ഇറങ്ങാത്തതിനാൽ ജോലിയില്ലാതെ കഴിയുകയാണ്.
മുതലാളിയോടും സഹായം ചോദിക്കാൻ കഴിയാത്ത അവസ്ഥയാണ്. റേഷൻ അരിയുള്ളത് കൊണ്ട് മാത്രം പട്ടിണി കിടക്കാത്ത നിരവധി തൊഴിലാളി കുടുംബങ്ങളുണ്ട്. ചിട്ടിയും മറ്റു വായ്പകളുമെല്ലാം മുടങ്ങി. ഇനി എങ്ങനെ മുന്നോട്ടുപോകുമെന്നറിയില്ല
സുമേഷ്, ബസ് ഡ്രൈവർ