ചങ്ങനാശേരി: നഗരസഭയുടെ കീഴിൽ ഫാത്തിമാപുരത്ത് സ്ഥാപിച്ചിരിക്കുന്ന ഗ്യാസ് ക്രിമിറ്റോറിയം പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ബൈലോയ്ക്ക് അംഗീകാരം നൽകി നഗരസഭ കൗൺസിൽ. കഴിഞ്ഞ ദിവസം നഗരസഭ ചെയർപേഴ്‌സൺ സന്ധ്യാ മനോജിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈൻ സംവിധാനത്തിലൂടെ കൂടിയ കൗൺസിലിലാണ് അംഗീകാരം നൽകിയത്. ജോലികൾ പൂർത്തിയാക്കി, എൻ.ഒ.സി ലഭിക്കുന്നതോടെ ഗ്യാസ് ക്രിമിറ്ററിയോത്തിന്റെ പ്രവർത്തനം ആരംഭിക്കാൻ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു. നഗരസഭ പരിധിയിലുള്ള ബി.പി.എൽ കുടുംബത്തിലെ ആളുകൾക്ക് 1500, ജനറൽ വിഭാഗത്തിന് 3000, നഗരസഭ പരിധിക്ക് പുറത്തുള്ള എല്ലാവർക്കും 4000 എന്നിങ്ങനെയാണ് ക്രിമിറ്റോറിയത്തിൽ ദഹിപ്പിക്കുന്നതിന് തുക നിശ്ചയിച്ചിരിക്കുന്നത്. ആശുപത്രിയിൽ വച്ചുള്ള മരണത്തിന് ആശുപത്രി അധികൃതരുടെയും വീട്ടിൽ വച്ചുള്ള മരണത്തിന് വാർഡിലെ ജനപ്രതിനിധിയുടെയും സാക്ഷ്യപത്രം ഹാജരാക്കണം. അസ്വഭാവിക മരണം മൂലം മൃതദേഹം ദഹിപ്പിക്കുന്നതിന് നിയമതടസം ഇല്ലെന്നുള്ള പൊലീസിന്റെ സാക്ഷ്യപത്രം ഹാജരാക്കണം. ഇവിടെ ശുചീകരണ തൊഴിലാളികളെ പ്രത്യേക പരിശീലനം നൽകി നിയമിക്കും. മൃതദേഹം സംസ്‌കരിക്കുന്നതിന് രണ്ടര മണിക്കൂർ സമയമാണ് വേണ്ടിവരുന്നത്.