goury

കോട്ടയം : കോട്ടയത്തെ അഡ്വ.വി.ജെ.വർക്കിയെ ഗൗരിയമ്മയ്ക്ക് ഒരിക്കലും മറക്കാനാവില്ല. ഭൂപരിഷ്കരണ നിയമത്തിലൂടെ കേരളത്തിലെ ഭൂ ഉടമ അടിയാൻ ബന്ധത്തിൽ പുത്തൻ വിപ്ലത്തിന് തിരികൊളുത്തിയ ഭൂപരിഷ്കരണബില്ല് തയ്യാറാക്കാൻ ഗൗരിയമ്മയെ സഹായിച്ചത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന കെ.ജി ബാലകൃഷ്ണന്റെ ഗുരു കൂടിയായ അഡ്വ.വി.ജെ.വർക്കി ആയിരുന്നു. എറണാകുളം ലാ കോളേജിൽ ഇരുവരും സീനീയർ - ജൂനിയർ വിദ്യാർത്ഥികളായിരുന്നിട്ടും കോളേജുകളിലെ ഡിബേറ്റിലും മറ്റും പങ്കെടുത്ത് അന്നേ പരിചയക്കാരായിരുന്നു. റവന്യൂ മന്ത്രിയായപ്പോൾ ഭൂപരിഷ്കരണ ബിൽ ഡ്രാഫ്റ്റ് കമ്മിറ്റിയിലും കുട്ടനാടിനെക്കുറിച്ച് കൂടുതൽ അറിയാവുന്ന അഡ്വ.വർക്കിയെ ഉൾപ്പെടുത്തിയിരുന്നു. ഗൗരിയമ്മക്ക് അടുപ്പമുള്ള രണ്ടുപേരായിരുന്നു. കമ്മ്യൂണിസ്റ്റായ തലവടി പാപ്പനും, പാലായിലെ അബ്കാരിയും പ്ലാന്ററുമായ മണർകാട് പാപ്പനും. ഗൗരിയമ്മ എക്സൈസ് മന്ത്രിയായിരുന്നപ്പോൾ സാധാരണ അബ്കാരികൾക്കില്ലാത്ത സവിശേഷതകളുള്ള മണർകാട് പാപ്പനോട് ഏറെ ഇഷ്ടം കാണിച്ചിരുന്നു. തെരുവിൽ അലയുന്നവർക്ക് വീട്ടുമുറ്റത്ത് ഭക്ഷണം തയ്യാറാക്കി നൽകിയിരുന്ന പാപ്പന്റെ ജീവകാരുണ്യ പ്രവർത്തനത്തിൽ ഏറെ താത്പര്യം ഗൗരിയമ്മ പ്രകടിപ്പിച്ചു. ഒരിക്കൽ പാർട്ടി ഫണ്ട് പിരിവ് ക്ലോസ് ചെയ്ത ശേഷം കാപ്പൻ കൊടുത്ത പണം ഗൗരിയമ്മ മടക്കി കൊടുത്തു. കൊടുത്ത പണം വേണ്ടെന്ന് പറഞ്ഞു തിരിച്ചു കൊടുത്ത തനിക്കറിയാവുന്ന ഏക രാഷ്ട്രീയ നേതാവ് ഗൗരിയമ്മയെന്നായിരുന്നു ഇതേക്കുറിച്ച് കാപ്പൻ പലരോടും പറഞ്ഞിരുന്നത്. സെറ്റുമുണ്ടിനോട് ഗൗരിയമ്മയ്ക്ക് ഏറെ താത്പര്യമാണെന്നറിഞ്ഞ് എല്ലാ പിറന്നാൾ ദിനത്തിലും അഡ്വ.പി.എൻ.അശോക് ബാബുവും, കോൺഗ്രസുകാരനായ എം.ജെ.ശിവദാസും ആലപ്പുഴ ചാത്തനാട്ടെ വീട്ടിലെത്തി സെറ്റുമുണ്ട് സമ്മാനിക്കുമായിരുന്നു. തിരുനക്കര മൈതാനം ഗൗരിയമ്മയുടെ നിരവധി പ്രസംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ജെ.എസ്.എസ് രൂപീകരണത്തിന് ശേഷം കോട്ടയത്തെ സ്വീകരണയോഗം തിരുനക്കരമൈതാനിയിലാണ് നടന്നത്. നിറഞ്ഞു കവിഞ്ഞ ആൾക്കൂട്ടമായിരുന്നു സി.പി.എം വിട്ട ഗൗരിയമ്മയുടെ പ്രസംഗം കേൾക്കാൻ തടിച്ചു കൂടിയത്.