oxi-car

കൊടുങ്ങൂർ : വാഴൂർ ഗ്രാമപഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഓക്‌സി കാർ സംവിധാനമൊരുക്കി. എമർജൻസി വെഹിക്കിൾ ഓക്‌സിജൻ സിലിണ്ടർ ഘടിപ്പിച്ച സംവിധാനമാണ് പ്രവർത്തനമാരംഭിച്ചത്. അടിയന്തര ഘട്ടങ്ങളിൽ ഓക്‌സിജൻ ലഭ്യമാക്കുന്നതിനായാണ് വാഹനത്തിൽ തന്നെ ഓക്‌സിജൻ സിലിണ്ടർ ഘടിപ്പിച്ച് സജ്ജമാക്കിയിരിക്കുന്നത്. ഓക്‌സിജൻ കുറവ് അനുഭവപ്പെടുന്ന രോഗികൾക്ക് ഡോക്ടർമാരുടെ നിർദേശപ്രകാരം അവരുടെ വീടുകളിലെത്തി വാഹനത്തിനുള്ളിൽ സജ്ജമാക്കിയിരിക്കുന്ന സിലിണ്ടറിന്റെ സഹായത്തോടെ ഓക്‌സിജൻ നൽകും. ഗ്രാമപഞ്ചായത്തുകൾ ഓക്‌സിജൻ സിലിണ്ടർ ഘടിപ്പിച്ച ഒരു വാഹനം എങ്കിലും അടിയന്തരമായി സജ്ജമാക്കണമെന്ന സർക്കാർ നിർദ്ദേശ പ്രകാരം ജില്ലയിൽ സജ്ജമാക്കുന്ന ആദ്യ വാഹനമാണ് വാഴൂരിലേത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി ഓക്‌സി കാർ ഫ്‌ളാഗ് ഒഫ് ചെയ്തു. വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീകാന്ത് പി.തങ്കച്ചൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഡി. സേതുലക്ഷ്മി,മെഡിക്കൽ ഓഫീസർ ഡോ.സ്മിത, പഞ്ചായത്തംഗങ്ങളായ എസ്. അജിത് കുമാർ,സുബിൻ നെടുമ്പുറം,ഡെൽമ ജോർജ്,ജിബി പൊടിപാറ,പി .ജെ. ശോശാമ്മ എന്നിവർ പങ്കെടുത്തു.