പാലാ: കൊഴുവനാൽ പഞ്ചായത്തിലെ പാവപ്പെട്ട കുടുംബങ്ങളിലെ കൊവിഡ് രോഗികൾ ഇനി യാത്രയ്ക്ക് വലയേണ്ടതില്ല; വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ഇന്നലെ ഒറ്റ ദിവസം കൊണ്ട് മൂന്ന് വാഹനങ്ങളാണ് കൊവിഡ് രോഗികളെ സഹായിക്കാൻ സജ്ജമായത്.
'കൊഴുവനാലിൽ മാത്രം വാഹനമില്ല, കൊവിഡ് രോഗികൾ എങ്ങിനെ ആശുപത്രിയിൽ പോകും? ' എന്ന തലക്കെട്ടിൽ ഇന്നലെ 'കേരളകൗമുദി ' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട സേവാഭാരതി പ്രവർത്തകരാണ് ആദ്യം വിളിച്ചത്. ഇവരുടെ നേതൃത്വത്തിൽ 24 മണിക്കൂറും വാഹന സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കുമെന്നും അറിയിച്ചു. 860 6036937, 9846656271, എന്നീ ഫോൺ നമ്പരുകളിൽ വിളിച്ചാൽ സേവാഭാരതി പ്രവർത്തകർ സ്ഥലത്തെത്തും. പാവപ്പെട്ട രോഗികളെ സഹായിക്കുന്നതിന് എ.ഐ.വൈ.എഫ് കൊഴുവനാൽ പഞ്ചായത്ത് കമ്മറ്റിയും മുന്നോട്ടു വന്നിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിൽ സ്‌നേഹതീരം എന്ന പേരിൽ സന്നദ്ധ സേന രൂപീകരിച്ചാണ് പ്രവർത്തനം. കൊവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിന് വാഹനങ്ങൾ ആവശ്യമുള്ളവർക്കും രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ഭക്ഷണം മരുന്ന് എന്നിവ എത്തിച്ചുനൽകുന്നതിനും സേനയുടെ സഹായം ലഭ്യമാണ്. കൊവിഡ് ബാധിച്ചു മരിക്കുന്നവരുടെ സംസ്‌കാര ചടങ്ങുകളും സേനയുടെ നേതൃത്വത്തിൽ ചെയ്തു കൊടുക്കും. 24 മണിക്കൂറും സേവനം ലഭ്യമാണെന്ന് നേതാക്കൾ അറിയിച്ചു. സഹായം ആവശ്യമുള്ളവർ
9495219801, 9846621531, ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം.
ഡി.വൈ.എഫ്.ഐ കൊഴുവനാൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലും വാഹന സൗകര്യമൊരുക്കിയിട്ടുണ്ട്. 95260 22 248, 9846909429 എന്ന നമ്പരുകളിൽ വിളിച്ചാൽ ഏതുനിമിഷവും കൂടെയുണ്ടാകുമെന്ന് ഡി.വൈ.എഫ്.ഐ നേതാക്കൾ അറിയിച്ചു.
ഇതിനും പുറമെ അത്യാവശ്യ ഘട്ടങ്ങളിൽ തന്റെ വാഹനവും കൊവിഡ് രോഗികളെ സഹായിക്കാൻ വിട്ടുകൊടുക്കുമെന്ന് കൊഴുവനാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് ബി. അറിയിച്ചു. എല്ലാ സന്നദ്ധ സംഘടനകളെയും നന്ദി അറിയിക്കുന്നതായി കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾ രാജ് പറഞ്ഞു.