വൈക്കം : മൂത്തേടത്തുകാവ് പയറുകാട് ശ്രീകൃഷ്ണാസ്വാമി ക്ഷേത്രത്തിൽ വൈശാഖമാസാചരണം 12 മുതൽ ജൂൺ 10 വരെ നടത്തും.കൊവിഡ് 19ന്റെ മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായ ചടങ്ങുകളാണ് ഒരുക്കിയിട്ടുള്ളത്. വിശേഷാൽ പൂജകൾ, മഹാഗണപതി ഹോമം, വേദജപം, ദീപകാഴ്ച, പഞ്ചവാദ്യം എന്നിവയാണ് ചടങ്ങുകൾ. ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ. 14ന് അക്ഷയതൃതിയ ദിനമായി ആചരിക്കും.പാലഭിഷേകം പ്രധാന ചടങ്ങാണ്. 23ന് ക്ഷേത്രഗോശാലയിൽ ക്ഷേത്രം മേൽശാന്തി ആനത്താനത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഗോപൂജ. 26ന് പൗണമിദിനത്തിൽ ലോകരക്ഷാർത്തം കോവിഡ് എന്ന മഹാമാരി ശമിക്കുന്നതിലേക്കായി ഭഗവതിക്ക് കളമെഴുത്തും പൂജയും , തേക്കെടത്ത് ശരത് ശർമയുടെ കളംപാട്ടും നടത്തും. 31ന് വൈശാഖമാസം തിരുവോണംഊട്ട്. എല്ലൂർ ബിന്ദുവിന്റെ സോപാന സംഗീതം. ജൂൺ 10 ന് ഭാഗവത പാരായണത്തോടുകുടി ശ്രീകൃഷണ ഗോകുലം സാരഥികളുടെ നേതൃത്വത്തിൽ വൈശാഖമാസാചരണം സമർപ്പിക്കും. ക്ഷേത്രചടങ്ങുകൾ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ലളിതമാക്കുമെന്ന് മുഖ്യകാര്യദർശി ആനത്താനത്ത് ഇല്ലത്ത് വാസുദേവൻ നമ്പൂതിരി അറിയിച്ചു.