കോട്ടയം: വേനൽമഴ കനത്തതോടെ നാട്ടകത്ത് മടവീണ് വൻകൃഷി നാശം. നാട്ടകം സിമൻ്റ് കവലയ്ക്കു സമീപം കാക്കൂർ ചെമ്പാവേലി പാടശേഖരത്താണ് മടവീണത്. കൊയ്‌ത്തിന് പാകമായ 160 ഏക്കർ കൃഷിയാണ് നശിച്ചത്. 32 കർഷകർ ചേർന്നു കൃഷി ചെയ്‌ത പാടമാണ് വെള്ളത്തിൽ മുങ്ങിയത്. ഇതര സംസ്ഥാന തൊഴിലാളികളെ അടക്കം ഇറക്കിയാണ് ഇവിടെ കൃഷി നടത്തിയത്.
30 വർഷം തരിശു കിടന്ന പാടത്ത് കഴിഞ്ഞ വർഷമാണു വീണ്ടും കൃഷിയിറക്കിയത്. കഴിഞ്ഞവർഷവും സമാനമായ രീതിയിൽ മട തകർന്നു കൃഷി നശിച്ചതായി കർഷകർ പറയുന്നു. ഇത്തവണ കൊയ്ത്ത് ആരംഭിച്ച് ഒൻപത് ക്വിന്റൽ നെല്ലു കയറ്റിവിടുകയും ചെയ്‌തിരുന്നു. പിന്നാലെ മഴ ശക്തമായതോടെ കൊയ്ത്ത് നിർത്തിച്ചു. ഇതിനിടെയാണ് ഇന്നലെ പുറംബണ്ട് തകർന്ന് വെള്ളം ഇരച്ചെത്തിയത്.
സാധാരണ ഈ സമയത്ത് മട വീഴ്ച കേട്ടുകേൾവി പോലുമില്ലാത്തതാണ്. എന്നാൽ, വേനൽ മഴ ശക്തമായതോടെ കൊടൂരാറ്റിൽ ഉൾപ്പെടെ വെള്ളം ഉയർന്നതോടെ മട തകരുകയായിരുന്നു. പുഞ്ചകൃഷിയുടെ അവസാന നാളുകളിൽ വിതച്ച പാടശേഖരങ്ങളിലൊന്നാണിത്. പടിഞ്ഞാറൻ പ്രദേശങ്ങളിലെ കൊയ്ത്ത് ഏറെക്കുറെ പൂർണമായി. എന്നാൽ, അവശേഷിക്കുന്ന പാടശേഖരങ്ങളിലെ കർഷകർ ആശങ്കയിലാണ്. മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയരുന്നതിനൊപ്പം മട വീഴ്ച കൂടുതൽ പാടശേഖരങ്ങളിലുണ്ടാകുമോ എന്നാണ് കർഷകരുടെ ആധി.