കുമരകം: രണ്ടു മാസത്തെ കാത്തിരിപ്പിനൊടുവിൽ തണ്ണീർമുക്കം ബണ്ടിന്റെ മദ്ധ്യ ഭാഗത്തെ 10 ഷട്ടറുകൾ ഇന്നു രാവിലെ തുറക്കും. രാവിലെ വേലിയിറക്ക സമയത്ത് 10ഷട്ടറുകൾ മാത്രം തുറക്കാനാണ് ആലപ്പുഴ ജില്ലാ കളക്ടർ ഉത്തരവിട്ടത്. മാർച്ച് 15ന് തുറക്കേണ്ടിയിരുന്ന 90 ഷട്ടറുകളിൽ 10 എണ്ണം ഇന്ന് ഉയർത്തി സ്ഥിതിഗതികൾ വിലയിരുത്താനാണ് തീരുമാനം. വേലിയിറക്കത്തിൽ കുട്ടനാടൻ ജലാശയങ്ങളിലെ വെള്ളം കടലിലേക്ക് ഒഴുകുകയും വേലിയേറ്റത്തിൽ കടലിലെ ജലം കുട്ടനാട്ടിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്ത് ജലമലിനീകരണം ഒഴിവാക്കുകയാണ് ലക്ഷ്യം .എന്നാൽ കേവലം 10 ഷട്ടറുകൾ തുറന്നിട്ട് റെഗുലേറ്റു ചെയ്യുന്നതിലൂടെ ജലമലിനീകരണവും അപ്പർ കുട്ടനാട്ടിലെ വെള്ളപ്പൊക്കവും ഉടനൊന്നും പരിഹരിക്കാനാകുകയില്ലെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.മൂന്ന് ഘട്ടങ്ങളായി നിർമ്മിച്ചിരിക്കുന്ന തണ്ണീർമുക്കം ബണ്ടിന് 90 ഷട്ടറുകളും നാല് ലോക്ക് ഷട്ടറുകളുമാണുള്ളത്.