rd

ചങ്ങനാശേരി: ചങ്ങനാശേരി റെയിൽവേ ബൈപ്പാസ് ജംഗ്ഷൻ റോഡിന്റെ വശം തകർന്നു. പാലാത്ര ഭാഗത്തു നിന്ന് റെയിൽവേ റോഡിലേയ്ക്ക് പ്രവേശിക്കുന്ന സിഗ്നലിനു സമീപത്തെ റോഡിന്റെ വശങ്ങളാണ് മീറ്ററുകളോളം തകർന്നു കിടക്കുന്നത്. റോഡിന്റെ വശത്തെ ടാറിംഗ് പൂർണ്ണമായും തകർന്ന് അടർന്നു പോയ നിലയിലാണ്. ഇതോടെ റോഡിന്റെ പതുതിയിലേറെയും തകർന്ന് റോഡിന്റെ വീതി കുറഞ്ഞ നിലയിലാണ്. റോഡ് ടാറിംഗ് പൂർണ്ണമായും തകർന്ന് മെറ്റലും മണ്ണും നിറഞ്ഞു കിടക്കുന്ന സ്ഥിതിയാണ്. ഇരുചക്രവാഹനങ്ങൾ മെറ്റൽ നിറഞ്ഞു കിടക്കുന്ന റോഡിലൂടെ കയറിപ്പോകേണ്ടി വരുന്നത് അപകടത്തിനും ഇടയാക്കുന്നു. തകർന്നു കിടന്നിരുന്ന മറ്റ് റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും പ്രധാന റോഡായ ബൈപ്പാസ് റോഡിന്റെ സ്ഥിതി സമാനമായി തുടർന്നു. നിരവധി വലുതും ചെറുതുമായ വാഹനങ്ങൾ കടന്നു പോകുന്ന പ്രധാന പാതയാണിത്. ഫ്രീലെഫ്റ്റ് എടുത്തു പോകുന്ന ഭാഗമായതിനാൽ ഇരുചക്രവാഹനങ്ങൾ കടന്നു പോകുമ്പോൾ മെറ്റലിൽ കയറേണ്ടി വരുന്നു. റോഡിനു സമീപത്തെ ഓട മൂടിയില്ലാതെ തുറന്നു കിടക്കുന്നത് അപകടാവസ്ഥ സൃഷ്ടിക്കുന്നു. ബൈപ്പാസ് റോഡിനു ഇരുവശത്തെ ഓടകളും കാട് കയറി മൂടിയ സ്ഥിതിയാണ്. നിരവധി അപകടങ്ങൾ ഉണ്ടാകുന്ന ഭാഗത്തെ ഓടയുടെ മൂടി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മൂന്ന് ഹൈമാസ്റ്റ് ലൈറ്റുകൾ ഉള്ള ഇവിടെ ഒരെണ്ണം വാഹനാപകടത്തിൽ നടപ്പാതയിൽ തകർന്നു കിടക്കാൻ തുടങ്ങിയിട്ട് നാളുകളായി. നടപ്പാതയും ഓടയും കാട് മൂടിയതിനാൽ മാലിന്യം ഇവിടെ നിക്ഷേപിക്കാനും ഇടയാക്കുന്നു. അറവ് മാലിന്യ അവശിഷ്ടങ്ങൾ നടപ്പാതയിൽ വിതറികിടക്കുന്ന നിലയിലാണ്. അസഹ്യമായ ദുർഗന്ധവും ഇവിടെ നിന്ന് വമിക്കുന്നു. ഇത് സാംക്രമിക രോഗത്തിനും ഇടയാക്കുന്നു. തകർന്ന ഭാഗം റീടാറിംഗ് നടത്തി ഓടയും നടപ്പാതയും വൃത്തിയാക്കണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാകുന്നു.