കോരുത്തോട്: കോരുത്തോട് മേഖലയിൽ കൃഷി നശിപ്പിച്ചിരുന്ന കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. സർക്കാർ ഉത്തരവിനെ തുടർന്ന് അടുപ്പുകല്ലേൽ ജോർജ് മാത്യുമാണ് (വർക്കിച്ചൻ) കാട്ടുപന്നിയെ വെടിവെച്ചുകൊന്നത്. കഴിഞ്ഞദിവസം രാവിലെ കോരുത്തോട് ടൗണിൽ സമീപം വളയത്തിൽ പാപ്പച്ചിയുടെ കൃഷിയിടത്തിലാണ് കാട്ടുപന്നിയെ കണ്ടത്. മൂന്നു പന്നികളാണ് മേഖലയിൽ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നത്. ഇതിൽ ഏറ്റവും അക്രമാസക്തനായ പന്നിയെയാണ് വെടിവെച്ച് കൊന്നത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തുടർന്ന് പന്നിയുടെ മൃതദേഹം ഫോറസ്റ്റ് അധികൃതരുടെ നേതൃത്വത്തിൽ കണ്ടംങ്കയം വനത്തിൽ സംസ്കരിച്ചു. സർക്കാർ ഉത്തരവിനെ തുടർന്ന് മലയോരമേഖലയിൽ ആദ്യമായാണ് കാട്ടുപന്നിയെ വെടിവെച്ചുകൊല്ലുന്നത്. കോരുത്തോട് മേഖലയിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണ്. കൃഷിനാശത്തോടൊപ്പം കർഷകർക്ക് പന്നിയുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നതും നിത്യസംഭവമാണ്.