കോട്ടയം: മക്കളുടെ അകാലവേർപാടിൽ മനസുരുകിക്കഴിയുന്നതിനിടെ മകനായി ചേർത്തു നിറുത്തിയ ആളുടെ ചതിയിൽപ്പെട്ട് പെരുവഴിയിലിറങ്ങേണ്ട ഗതികേടിലാണ് രണ്ട് വൃദ്ധദമ്പതികൾ. അടുത്ത ബന്ധുവിന് കിടപ്പാടം പണയപ്പെടുത്തി പണം നൽകിയപ്പോൾ തിരിച്ചടയ്ക്കുമെന്ന പ്രതീക്ഷയായിരുന്നു കുലശേഖരമംഗലം ഇടവട്ടംമുറിയിൽ തുണ്ടുപറമ്പിൽ ടി.ഡി.രാജനും ഭാര്യ സരളമ്മയ്ക്കും. ഇപ്പോൾ ജപ്തിയുടെ വക്കിലെത്തി നിൽക്കുമ്പോൾ ആത്മഹത്യ മാത്രമാണ് ഇരുവരുടേയും മുന്നിലുള്ള ഏക പോംവഴി.

ജീവിതത്തിൽ ഇതുവരെ സന്തോഷമെന്തെന്ന് അറിഞ്ഞിട്ടില്ല രാജനും സരളമ്മയും. തൊഴിലുറപ്പും കൂലിവേലയുമാണ് ഏക വരുമാന മാർഗം. മൂന്ന് മക്കളും ജനിച്ച് അധികം കഴിയാതെ മരിച്ചു. നാലാമനായി പിറന്ന വിഷ്ണുരാജ് പ്ളസ്ടുവിന് പഠിക്കുമ്പോഴാണ് 2007ൽ മരിച്ചത്. അതോടെ കുടുംബം തളർന്നു. അന്നുമുതൽ മകനായി കരുതി കൂടെ നിറുത്തിയതാണ് രാജന്റെ സഹോദരി പുത്രൻ പി.ആർ ഗിരീഷിനെ. '' 2010 ഡിസംബറിലാണ് ഗിരീഷിന്റെ സഹോദരിയുടെ വിവാഹത്തിനായി സരളയുടെ പേരിലുള്ള 25 സെന്റും എന്റെ പേരിലുള്ള 19 സെന്റും ഈടുവച്ച് മറവൻതുരുത്ത് സഹകരണ ബാങ്കിൽ നിന്ന് 10 ലക്ഷം രൂപ വായ്പ്പ എടുത്തത്. ഒരുരൂപ പോലും ഗിരീഷ് അടച്ചില്ല. കുടിശിക ഇപ്പോൾ 26 ലക്ഷമായി. ജപ്തി നോട്ടീസ് കൈപ്പറ്റിയ ഞങ്ങൾക്ക് ആത്മഹത്യമാത്രമാണ് ഏക പോംവഴി''- കണ്ണീർ തുടച്ച് രാജൻ പറയുന്നു. '' അവൻ ഞങ്ങൾക്ക് മകനായിരുന്നു. ചേട്ടൻ എതിർത്തിട്ടും വായ്പ്പ എടുത്ത് കൊടുക്കാൻ ഞാനാണ് നിർബന്ധിച്ചത്. അദ്ദേഹത്തിന് എഴുപത് വയസുണ്ട്. ഇപ്പോൾ കൂലിപ്പണിക്ക് പോകാനും കഴിയുന്നില്ല. ഞാൻ തൊഴിലുറപ്പ് ജോലി ചെയ്യുന്നതാണ് ഏക വരുമാന മാർഗം. അന്ന് മുതൽ പൊലീസിൽ പരാതി നൽകിയിട്ടും അവർ ഒന്നും ചെയ്തില്ല. ഗിരീഷിന്റെയും മാതാപിതാക്കളുടേയും പേരിൽ നാല് ഏക്കറോളം സ്ഥലമുള്ളപ്പോഴാണ് ഞങ്ങളോട് ഈ ചതി ചെയ്തത്. ബാങ്കുകാർക്ക് സത്യമെന്തെന്ന് അറിയാം.'' -സരള പറഞ്ഞു.