കോട്ടയം : കൊവിഡും തോരാമഴയും നിയുക്ത എം.എൽ.എമാരെ ലോക്ക് ലംഘിച്ച് പുറത്തിറക്കി. ജില്ലയിലെ ഒമ്പത് എം.എൽ.എമാർക്ക് പുറമെ തോമസ് ചാഴികാടൻ എം.പിയും, പാലായിൽ പരാജിതനായെങ്കിലും മുൻ എം.പി ജോസ് കെ മാണിയും ജനങ്ങൾക്കൊപ്പം സജീവമായുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കുന്നതിന് ഏറ്റുമാനൂരിലെ നിയുക്ത എം.എൽ.എ വി.എൻ.വാസവൻ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ഓൺലൈൻ യോഗം വിളിച്ചു. വാർഡുതല ജാഗ്രതാസമിതികളും രൂപീകരിച്ചു. ഇവർക്ക് പൾസ് ഓക്സി മീറ്ററും വിതരണം ചെയ്തു. അഭയത്തിന്റെ നേതൃത്വത്തിലുള്ള സാമൂഹ്യ അടുക്കള തുടരുന്നതിന് പുറമെ കൂടുതൽ സാമൂഹ്യ അടുക്കള തുടങ്ങും. തിരുവഞ്ചൂർ രാധാകൃഷ്ണൻ വിവിധ സി.എഫ്.എൽ.ടി.സികൾ സന്ദർശിച്ചു. ക്വാറന്റൈനിൽ കഴിയുന്നവർക്ക് കിറ്റുകളും വിതരണം ചെയ്തു. ഉമ്മൻചാണ്ടി തിരുവനന്തപുരത്താണെങ്കിലും പുതുപ്പള്ളി മണ്ഡലത്തിൽ കോൺഗ്രസ് പ്രവർത്തകർ നേതൃത്വം നൽകുന്നു.
സ്വകാര്യ ആശുപത്രികളിലെ കൊവിഡ് വാർഡുകൾ നിറഞ്ഞതോടെ പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നതിന് എം.പിയുടെയും , നിയുക്ത എം.എൽഎമാരുടെയും വീടുകളിൽ ശുപാർശ കത്തിനും ഫോണിലൂടെ ആശുപത്രി അധികൃതരെ വിളിക്കാനും തിരക്കാണ്. മിക്ക സ്വകാര്യ ആശുപത്രികളിലും ഐ.സി.യു വാർഡുകൾ നിറഞ്ഞു. വെന്റിലേറ്ററുമില്ലാത്ത സ്ഥിതിയായിട്ടുണ്ട്.
ന്യൂനമർദ്ദവും വെട്ടിലാക്കി
കൊവിഡ് പ്രതിരോധ പ്രവർത്തനം സജീവമായതിനിടയിൽ ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ മഴക്കെടുതിയും ജനപ്രതിനിധികളെ വട്ടം ചുറ്റിക്കുന്നു. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങിയെങ്കിൽ കിഴക്കൻ മേഖല ഉരുൾപൊട്ടൽ ഭീഷണിയിലാണ്. ദുരിതാശ്വാസ ക്യാമ്പുകൾ ഉടൻ തുറക്കണം. കൊവിഡ് വ്യാപന സാഹചര്യത്തിൽ ദുരിശ്വാസ ക്യാമ്പുകൾ തുറക്കുന്നതും കൊവിഡ് രോഗികളെയും ക്വാറന്റൈനിൽ കഴിയുന്നവരെയും ക്യാമ്പിലാക്കുന്നതും തലവേദനയാണ്.