കൊടുങ്ങൂർ: 110 കെ.വി സബ്‌സ്റ്റേഷൻ അനുവദിക്കുന്നതിനുള്ള സ്ഥലമേറ്റെടുക്കലിന്റെ അവസാനഘട്ട നടപടികൾക്ക് ഉത്തരവായതായി ഡോ.എൻ.ജയരാജ് എം.എൽ.എ അറിയിച്ചു. 11.75 കോടി രൂപയാണ് സബ് സ്റ്റേഷനുള്ള നിർമ്മാണ ചെലവ് കണക്കാക്കിയിരിക്കുന്നത്. വൈദ്യുതി വകുപ്പിന്റെയും റവന്യു വകുപ്പിന്റെയും ഭരണാനുമതികൾ നേരത്തെ ലഭിച്ചിരുന്നു. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ വാഴൂർ, പള്ളിക്കത്തോട് പഞ്ചായത്തുകളിൽ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതും തടസരഹിത വൈദ്യുതി വിതരണവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ വൈദ്യുതി എത്തുന്നത് പാമ്പാടി, കാഞ്ഞിരപ്പള്ളി സബ്‌സ്റ്റേഷനുകളിൽ നിന്നാണ്. പുതിയ സബ്‌സ്റ്റേഷന് അനുയോജ്യമായ 125 സെന്റ് സ്ഥലം വാഴൂരാണ് കണ്ടെത്തിയിരിക്കുന്നത്. സ്ഥലമേറ്റെടുക്കൽ പൂർത്തിയായാലുടൻ ടെണ്ടർ നടപടികളിലേക്ക് കടക്കുമെന്ന് എം.എൽ.എ അറിയിച്ചു.