കുമരകം: കുമരകത്തിന് ദൃശ്യവിരുന്നൊരുക്കി മഞ്ഞതവളകൾ. പഞ്ചായത്ത് 13-ാം വാർഡിൽ എസ്.ബി.ഐ ശാഖയുടെ പടിഞ്ഞാറു വശത്തുള്ള പുരയിടത്തിലാണ് മഞ്ഞതവളകളുടെ കൂട്ടത്തെ കണ്ടത്.ഓന്തിനെപ്പോലെ നിറം മാറാൻ കഴിവുള്ളവയാണ് ഇവ. കഴിഞ്ഞദിവസം അർദ്ധരാത്രിയോടെ ആരംഭിച്ച നുറുകണക്കിന് തവളകളുടെ കരച്ചിൽ പ്രദേശവാസികളുടെ ഉറക്കംകെടുത്തി. എട്ടു വർഷങ്ങൾക്ക് മുമ്പ് ഇതേ സ്ഥലത്ത് മഞ്ഞതവള കൂട്ടങ്ങൾ ഇണചേരാൻ എത്തിയിരുന്നതായി പ്രദേശവാസികൾ പറയുന്നു. കാളക്കൂട്ടങ്ങൾ എന്നറിയപ്പെടുന്ന ഈ തവളകൾ സാധാരണയായി തവിട്ട് അല്ലെങ്കിൽ ഇളം പച്ചനിറത്തിലാണ് കാണപ്പെടുന്നത്. സമീപത്തുള്ള കുമരകം റോഡിവെത്തിയ തവളകളിൽ നല്ല പങ്കും വാഹനം കയറി ചത്തത് കാഴ്ചക്കാരെ ദുഖത്തിലാഴ്ത്തി
കയറ്റുമതി നിരോധിച്ചു
1972 ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ നാലാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി ഇന്ത്യയിൽ മഞ്ഞതവളകളുടെ കയറ്റുമതിയും ഇവയെ വേട്ടയാടുന്നതും നിരോധിച്ചിട്ടുണ്ട്. തായ്‌ലൻഡ് ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ ഇവയെ ഭക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്.