കുമരകം: വേനൽമഴയെ തുടർന്ന് കിഴക്കൻവെള്ളത്തിന്റെ വരവ് ശക്തമായതോടെ കുമരകത്തെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിയുന്നില്ല.
തണ്ണീർമുക്കം ബണ്ട് തുറന്നതോടെ വെള്ളം ഒഴുകി മാറും എന്ന് കരുതിയെങ്കിലും ശക്തമായി പെയ്ത മഴ മൂലം കഴിഞ്ഞ ദിവസത്തേക്കാൾ ജലനിരപ്പുയർന്നതാണ് വെള്ളപ്പൊക്കത്തിനിടയാക്കിയത്. ഇടവട്ടം, മങ്കുഴി, മൂലേപ്പാടം, നാലു പങ്ക്,പത്ത്പങ്ക്, പൊങ്ങലക്കരി പ്രദേശങ്ങളിൽ പല വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. വേലിയിറക്കം ഇനി ആരംഭിച്ചാലേ തണ്ണീർമുക്കം ബണ്ട് വഴി വെള്ളം വടക്കോട്ട് കുടുതലായി ഒഴുകാൻ തുടങ്ങൂ. പാടത്ത് വെള്ളം വറ്റിച്ച് കൃഷി തുടങ്ങുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മൂലേപ്പാടത്തിന് സമീപം വെള്ളം കയറിയ വീട്ടുകാർ ചേർന്ന് കളക്ടർക്ക് പരാതി നൽകി. ഇടവട്ടത്ത് വെള്ളപ്പൊക്കം ബാധിച്ചവരുടെ പ്രശ്നം ചർച്ച ചെയ്യാൻ പഞ്ചായത്തിൽ ഇന്നലെ യോഗം ചേർന്നിരുന്നു. മട ഇട്ട് വെള്ളം വറ്റിക്കുന്നതിന് ആവശ്യമായ നടപടികൾ അടുത്ത ദിവസം തന്നെ ആരംഭിക്കുമെന്ന് പാടശേഖരസമതി യോഗത്തിൽ ഉറപ്പ് നൽകിയിട്ടുണ്ട്. മാലിക്കായൽ പാടശേഖരം മടവീണതോടെ വലിയമടക്കുഴി,ചീപ്പുങ്കൽ,മാലിക്കായൽ പ്രദേശങ്ങളും വെള്ളപ്പൊക്കഭീഷണിയിലാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള കുമരകത്ത് പഞ്ചായത്തും ആരോഗ്യ പ്രവർത്തകരും പൊലീസും ചേർന്ന് നടത്തുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ് മഴയും വെള്ളപ്പൊക്കവും.