കട്ടപ്പന: കട്ടപ്പനയിലെ ഡൊമിസിലറി കെയർ സെന്ററിലെ ഉദ്ഘാടനത്തിൽ പങ്കെടുത്തത് നൂറോളം പേർ. കട്ടപ്പന ഗവ. കോളജിലെ സയൻസ് ബ്ലോക്കിലാണ് കേന്ദ്രം തുറന്നത്. ഇന്നലെ രാവിലെ നടന്ന ഉദ്ഘാടനച്ചടങ്ങിൽ നഗരസഭയിലെ 30ലധികം കൗൺസിലർമാരും വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും പ്രവർത്തകരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും എത്തിയതോടെ സ്ഥലം ജനനിബിഡമായി. അതേസമയം സ്ഥലത്തുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകർ ആൾക്കൂട്ടമൊഴിവാക്കാൻ നടപടി സ്വീകരിക്കാത്തതും ആക്ഷേപത്തിനിടയാക്കി. നഗരസഭയിൽ കൊവിഡ് ബാധിതർ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഭരണസമിതി അംഗങ്ങൾ അടക്കം വീഴ്ച വരുത്തിയത്.
20 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് 100 കിടക്കകളുള്ള ചികിത്സാകേന്ദ്രം തുറന്നത്. കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ 12 നഴ്‌സുമാരുടെയും പത്തോളം ജീവനക്കാരും ഇവിടെ സേവനമനുഷ്ഠിക്കും. 4 ഷീൽഡ് ടാക്‌സികൾ, ആംബുലൻസ് എന്നിവയുടെ സേവനവും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.
ഡീൻ കുര്യാക്കോസ് എം.പി. ഡൊമിസിലറി കെയർ സെന്റർ ഉദ്ഘാടനം ചെയ്തു. നഗരസഭാദ്ധ്യക്ഷ ബീന ജോബി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റോഷി അഗസ്റ്റിൻ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജാൻസി ബേബി, മനോജ് മുരളി, മായ ബിജു, ഏലിയാമ്മ കുര്യാക്കോസ്, സിബി പാറപ്പായിൽ, എൻ.സി.സി. ഓഫീസർ റെജി ജോസഫ്, നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ ആറ്റ്‌ലി പിജോൺ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. നിധിൻ എം.എസ് തുടങ്ങിയവർ പങ്കെടുത്തു.