കട്ടപ്പന: ഉപാദ്ധ്യക്ഷൻ സ്ഥാനം രാജിവച്ചതിന് പിന്നാലെ ജോയി വെട്ടിക്കുഴിയും പ്രവർത്തകരും കോൺഗ്രസ് വിട്ട് എൽ.ഡി.എഫിലേക്ക് പോകുന്നതായി സമൂഹമാദ്ധ്യമങ്ങളിൽ വ്യാജപ്രചരണം. 5000 പ്രവർത്തകർക്കൊപ്പം ജോയി വെട്ടിക്കുഴി എൽ.ഡി.എഫിലേക്ക് പോകുന്നതായുള്ള സന്ദേശമാണ് ഫേസ്ബുക്കിൽ അടക്കം പ്രചരിച്ചത്. തുടർന്ന് വ്യാജപ്രചരണത്തിനെതിരെ ജോയി വെട്ടിക്കുഴി നേരിട്ട് രംഗത്തെത്തി. ഗ്രൂപ്പ് പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അതിന്റെ പേരിൽ പാർട്ടി വിടുന്നയാളാല്ല താനെന്നും വ്യാജപ്രചരണം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജോയി വെട്ടിക്കുഴി പറഞ്ഞു. തോൽവികൾ ഉണ്ടായിട്ടുണ്ട്. ഗ്രൂപ്പ് പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്. അത് അംഗീകരിക്കുന്നു. പക്ഷേ അതൊക്കെ പറഞ്ഞ് പ്രസ്ഥാനത്തെ വിട്ട് പോകുന്ന ഒരാൾ അല്ല താനെന്ന് പിന്നെ എന്നെ എൽ.ഡി.എഫിലേക്ക് പറഞ്ഞയക്കാൻ നോക്കിയ സുഹൃത്തുക്കളെ, നമുക്ക് നിയമത്തിന്റെ വഴിയിലൂടെ ഒന്നു പോകാമെന്ന് ജോയി വെട്ടിക്കുഴി ഫേസ്ബുക്കിൽ കുറിച്ചു.
നഗരസഭ ഭരണസമിതി കോൺഗ്രസ് അംഗങ്ങൾക്കിടയിലുള്ള ഭിന്നതയെ തുടർന്നാണ് ഡി.സി.സി. വൈസ് പ്രസിഡന്റ് കൂടിയായ ജോയി വെട്ടിക്കുഴി നഗരസഭ ഉപാദ്ധ്യക്ഷൻ സ്ഥാനം രാജിവച്ചത്. തുടർന്ന് എ, ഐ നേതാക്കൾ പരസ്യ പ്രസ്താവനവുമായി രംഗത്തെത്തിയിരുന്നു. നഗരസഭാദ്ധ്യക്ഷ അടക്കം ഭരണസമിതിലെ ചിലരുടെ ഏകപക്ഷീയ നിലപാടുകളെ തുടർന്നാണ് ജോയി വെട്ടിക്കുഴി രാജിവച്ചതെന്ന് എ ഗ്രൂപ്പ് നേതാക്കൾ തുറന്നടിച്ചിരുന്നു. എന്നാൽ നഗരസഭാദ്ധ്യക്ഷ ജോലികൾ കൃത്യമായി ചെയ്യുന്നുണ്ടെന്നും അത് മറ്റൊരാൾ ചെയ്യാൻ ശ്രമിക്കുന്നത് ഉചിതമല്ലെന്നും ഐ ഗ്രൂപ്പ് മറുപടി നൽകിയിരുന്നു. ഇന്നലെ നടന്ന ഡൊമിസിലറി കെയർ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നും ജോയി വെട്ടിക്കുഴി വിട്ടുനിന്നിരുന്നു.