കട്ടപ്പന: കൊവിഡ് മഹാമാരി ഉറ്റവരുടെയും ഉടയവരുടെയും ജീവനെടുത്തപ്പോഴും മറ്റുള്ളവർക്ക് കാരുണ്യത്തിന്റെ കരുതലൊരുക്കി കട്ടപ്പന വലിയതോവാള സ്വദേശി കെ.സി. ചാക്കോ. ആശുപത്രികളിൽ വെന്റിലേറ്റർ സൗകര്യമില്ലാതെ ചികിത്സ കിട്ടാത്ത സാഹചര്യത്തിൽ, ചാക്കോ മുൻകൈയെടുത്ത് 2 ബൈപ്പാപ്പ് മെഷീനുകളാണ് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ വാങ്ങി നൽകുന്നത്. ഇതിനാവശ്യമായ തുക എം.എം. മണിക്ക് ഇന്നലെ കൈമാറി.
ചാക്കോയുടെ അച്ഛൻ ചാക്കോ ചാക്കോ, അമ്മ അന്നമ്മ, സഹോദരൻ ബിജുമോൻ ചാക്കോ എന്നിവരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. പല ആശുപത്രികളിലും വെന്റിലേറ്റർ സൗകര്യമില്ലാത്തതിനാൽ നിരവധി പേർക്ക് ചികിത്സ ലഭിക്കാത്ത സ്ഥിതിയുണ്ട്. തുടർന്നാണ് കുടുംബത്തിന്റെ വകയായി ബൈപാപ്പ് മെഷീനുകൾ വാങ്ങി നൽകാൻ തീരുമാനിച്ചത്. തുടർന്ന് ഇരട്ടയാർ സെന്റ് തോമസ് സ്‌കൂളിലെ എൻ.സി.സി. ഓഫീസർ ലഫ്. ഡോ. റെജി ജോസഫിന്റെ സഹായത്തോടെ തുക കൈമാറുകയായിരുന്നു. ഗോവ ഇലക്ട്രിസിറ്റി ബോർഡിൽ നിന്നും അസിസ്റ്റന്റ് എൻജിനീയറായി വിരമിച്ചയാളാണ് ചാക്കോ.