പാലാ: ആരോഗ്യ പ്രവർത്തകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഉയർന്ന ഉല്പാദന ശേഷിയിലുള്ള ഓക്‌സിജൻ ജനറേറ്റിംഗ് പ്ലാന്റ് പാലാ ജനറൽ ആശുപത്രിയിൽ സ്ഥാപിക്കുന്നതിനായുള്ള കേന്ദ്ര സർക്കാർ നടപടികൾക്ക് ശരവേഗം.
ഇതുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ പ്രതിനിധികൾ ആശുപത്രി സന്ദർശിച്ചതായി പ്ലാന്റിനായി പ്രധാനമന്ത്രിക്ക് നേരിട്ട് നിവേദനം സമർപ്പിച്ച ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം കൂടിയായ ജയ്സൺ മാന്തോട്ടം പറഞ്ഞു.

ആശുപത്രി കോംബൗണ്ടിൽ പ്ലാന്റ് സ്ഥാപിക്കുന്നതിനായുള്ള സ്ഥലനിർണയവും കഴിഞ്ഞദിവസം കേന്ദ്ര എൻജിനീയർമാർ നടത്തി.
1000 ലിറ്റർ/മിനിറ്റ് ഉല്പാദനശേഷിയുള്ള പ്ലാന്റാണ് ഇവിടെ സ്ഥാപിക്കപ്പെടുക. ഓക്‌സിജൻ 95% വരെ ശുദ്ധിയിൽ ലഭ്യമാകും.
60ൽ പരം വെന്റിലേറ്ററുകൾക്കും 190ൽ പരം ബെഡ് ഓക്‌സിജൻ പോയിന്റുകൾക്കും 30ൽ പരം ഹൈഫ്‌ളോ ഓക്‌സിജൻ യൂണിറ്റുകൾക്കും ഒരേസമയം യഥേഷ്ടം ഓക്‌സിജൻ ലഭ്യമാകും.
ഡിഫൻസ് റിസേർച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) ന്റെ ലൈഫ് സയൻസ് വിഭാഗമായ ബയോ എൻജിനീയറിംഗ് ആന്റ് ഇലക് ട്രോ മെഡിക്കൽ ലബോറട്ടറിയുടെ സാങ്കേതികവിദ്യയിൽ വികസിപ്പിച്ച ഡിസൈൻ പ്രകാരമുള്ളതാണ് പ്ലാന്റ്. പി.എസ്.എ (പ്രഷർ സ്വിംഗ് അഡ്‌സോർഷൻ ) അടിസ്ഥാനമാക്കിയുള്ള മെഡിക്കൽ ഗ്രേഡ് ഓക്‌സിജൻ ജനറേറ്റിംഗ് യൂണിറ്റാണ് ആശുപത്രിയിൽ സ്ഥാപിക്കുന്നതിന് അംഗീകാരം നൽകിയിരിക്കുന്നത്.
കൊവിഡ് രോഗബാധിതരിൽ ഭൂരിഭാഗം രോഗികൾക്കും കടുത്ത ശ്വാസതടസം ഉണ്ടാകുന്നതിനാൽ തടസ്സമില്ലാതെ ഓക്‌സിജൻ നൽകേണ്ടതുണ്ട്.നിലവിൽ സിലിണ്ടറുകൾ ഫില്ലിംഗ് സ്റ്റേഷനുകളിൽ എത്തിച്ച് നിറച്ചാണ് ആശുപത്രിയിൽ ഇപ്പോൾ ഓക്‌സിജൻ എത്തിക്കുന്നത്. വിദൂര പ്ലാന്റുകളിൽ നിന്നും യഥാസമയം സിലിണ്ടറുകൾ നിറച്ച് എത്തിയ്ക്കുന്നതിൽ ഉണ്ടായ കാലതാമസം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

വലിയ നേട്ടം

ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതോടെ വലിയ സാമ്പത്തിക നേട്ടവും അശുപത്രിക്ക് ഉണ്ടാവും. ഇവിടെ കേന്ദ്രീകൃത ഓക്‌സിജൻ വിതരണ പൈപ് ലൈൻ ശൃംഖല നേരത്തെ സ്ഥാപിച്ചിരുന്നു. പ്ലാന്റ് പ്രവർത്തനക്ഷമമാകുന്നതോടെ ആശുപത്രിയിലെ എല്ലാ ചികിത്സാ വിഭാഗങ്ങളിലേക്കും വാർഡുകളിലേയ്ക്കും ഓക്‌സിജൻ തടസങ്ങളില്ലാതെ ലഭ്യമാകും.