കട്ടപ്പന: ബൈക്കിലെത്തിയവർ ആക്രമിച്ച് പരിക്കേപ്പിച്ചെന്ന യുവാവിന്റെ പരാതി അന്വേഷിക്കാനായി പൊലീസ് എത്തിയപ്പോൾ പരാതിക്കാരന്റെ വീട്ടിൽ വ്യാജമദ്യ നിർമാണം തകൃതി. പരാതിക്കാരനായ കട്ടപ്പന പുഞ്ചിരിക്കവല കോട്ടയത്തുപറമ്പിൽ അനീഷ് ശിവൻ ഇതോടെ പ്രതിയായി മാറി. വ്യാഴാഴ്ച വൈകിട്ടോടെയാണ് തലയ്ക്ക് മുറിവേറ്റ നിലയിൽ അനീഷ് അയൽവാസിയുടെ വീട്ടിൽ എത്തിയത്. ബൈക്കിൽ എത്തിയവർ വടി കൊണ്ട് അടിച്ച് പരുക്കേൽപ്പിച്ചെന്നാണ് ഇയാൾ പറഞ്ഞത്. തുടർന്ന് പൊലീസിൽ അറിയിച്ചശേഷം അനീഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അനീഷിന്റെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് വാറ്റുകേന്ദ്രം കണ്ടത്. ഇവിടെ 50 ലിറ്റർ കോടയും പിടികൂടി. കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്ത് പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിലേക്ക് എത്തിയപ്പോഴേയ്ക്കും അനീഷ് ചികിത്സ തേടി മടങ്ങിയിരുന്നു. അനീഷിന്റെ തലയിലുള്ള മുറിവ് വീണപ്പോൾ സംഭവിച്ചതാകാമെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്നും അക്രമം ഉണ്ടായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. വ്യാജമദ്യം തയാറാക്കിയതിന് ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.