വൈക്കം: മഴ കനത്തതിനെ തുടർന്ന് വേമ്പനാട്ടു കായലോരത്തെ വീടുകളിൽ വെള്ളം കയറി. വെച്ചൂർ, തലയാഴം, ടി വിപുരം, ഉദയനാപുരം, ചെമ്പ്, മറവൻതുരുത്ത് പഞ്ചായത്തുകളിലെയും വൈക്കം നഗരസഭയിലേയും കായലോര പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. വെച്ചൂർഅഞ്ചടി, അച്ചിനകം പാടശേഖരങ്ങൾക്ക് സമീപം താമസിക്കുന്ന 20 ഓളം വീടുകൾ വെള്ളക്കെട്ടിലമർന്നു.വെച്ചൂർ ദേവിവിലാസം ഹയർ സെക്കൻഡറി സ്‌കൂൾ, പുത്തൻപാലം ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവടങ്ങളിൽ ദുരിതബാധിതരെ മാറ്റി പാർപ്പിക്കാൻ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈല കുമാർ പറഞ്ഞു.തലയാഴം പഞ്ചായത്തിലെ കൂവത്ത് പാടശേഖരത്തിനു നടുവിലുള്ള അഞ്ചോളം വീടുകളിൽ വെള്ളം കയറി. കരിയാർ കരകവിഞ്ഞതിനെ തുടർന്ന് ആറ്റുതീരത്തെ നിരവധി വീടുകളിൽ വെളളം കയറുമെന്ന നിലയിലാണ്.തലയാഴത്തെ ചെട്ടിക്കരി, മുപ്പത്, ഏഴാം ബ്ലോക്ക് തുടങ്ങിയ സ്ഥലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.