വൈക്കം: ശക്തമായ മഴയെ തുടർന്ന് വൈക്കത്ത് വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ഓരു മുട്ടുകൾ തുറന്നു. വെച്ചൂരിലെ ഔട്ട് പോസ്റ്റിന് സമീപത്തെയും പോസ്റ്റ് ഓഫിസിന് പടിഞ്ഞാറ് ഭാഗത്തെയും ഒരു മുട്ടുകൾ വ്യാഴാഴ്ച പൊളിച്ചിരുന്നു. വെച്ചൂരിൽ ശേഷിച്ച എട്ട് ഓരുമുട്ടുകൾ ഇന്നലെ പൊളിച്ചു. തലയാഴം ടി.വി പുരം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കോട്ടച്ചിറയിൽ നിർമ്മിച്ച കരിയാർ സ്പിൽവേ തണ്ണീർമുക്കം ബണ്ടിന്റെ മൂന്നാം ഘട്ടത്തിലെ ഷട്ടറുകൾ തുറന്നതിന് പിന്നാലെ വ്യാഴാഴ്ച തുറന്നു. തലയാഴത്തെ മറ്റ് മൂന്ന് മുട്ടുകളും ഇന്നലെ തുറന്നു. ഉദയനാപുരം പഞ്ചായത്തിലെ വാഴമനമുട്ട്, വൈക്കം നഗരസഭയിലെ തോട്ടുവക്കം മുട്ട് എന്നിവയും ചെമ്പ്, മറവൻതുരുത്ത്, ടി വി പുരം പഞ്ചായത്തുകളിലെ ഓരുമുട്ടുകളും പൊളിച്ചു നീക്കിയതോടെ താഴ്ന്ന സ്ഥലങ്ങളിലെ വെള്ളപ്പൊക്ക ദുരിതത്തിനറുതി വരുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.