കട്ടപ്പന: ന്യൂനമർദം ശക്തിപ്രാപിച്ചതോടെ ഹൈറേഞ്ചിൽ കൊടുങ്കാറ്റും കനത്ത മഴയും. വെള്ളയാംകുടി കല്യാണത്തണ്ടിൽ വീട് ഭാഗികമായി തകർന്നു. വൻ മരം കടപുഴകി വീണ് കുമളിമൂന്നാർ സംസ്ഥാനപാതയിൽ 3 മണിക്കൂർ ഗതാഗതം തടസപ്പെടുത്തി. ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് കട്ടപ്പന, കുമളി, കാഞ്ചിയാർ, നെടുങ്കണ്ടം, എഴുകുംവയൽ, ഉപ്പുതറ മേഖലകളിൽ ശക്തമായ കാറ്റ് വീശിയടിച്ചത്. നിരവധി സ്ഥലങ്ങളിൽ മരം കടപുഴകി വീണു. ഇതോടെ ഭൂരിഭാഗം സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങി. തോട്ടം മേഖലകളിൽ കനത്ത മഴ തുടരുന്നതിനാൽ ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികളും ദുരിതത്തിലായി.
സംസ്ഥാനപാതയിൽ പാമ്പാടുംപാറയ്ക്കും അപ്പാപ്പൻപടിക്കുമിടയിൽ ഏലത്തോട്ടം മേഖലയാണ് രാവിലെ 7 ഓടെയാണ് വലിയ ചേലമരം കടപുഴകി വീണത്. നെടുങ്കണ്ടത്തുനിന്ന് വണ്ടൻമേട്ടിലേക്ക് വൈദ്യുതി എത്തിക്കുന്ന 33 കെ.വി. ലൈനിന് മുകളിലൂടെയാണ് റോഡിൽ പതിച്ചത്. ഇതോടെ ഒരു കിലോമീറ്റർ നീളത്തിൽ വൈദ്യുതി കമ്പി പൊട്ടിവീണു. 2 വലിയ ടവർ പോസ്റ്റുകളും നിലംപൊത്തി. ഇതോടെ നെടുങ്കണ്ടം, കുമളി, കട്ടപ്പന മേഖലകളിലേക്കുള്ള നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി. തുടർന്ന് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വൈദ്യുതി വിച്‌ഛേദിച്ചു. കട്ടപ്പന അഗ്‌നിശമന സേനയിലെ എസ്.ടി.ഒ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള 2 യൂണിറ്റ് അംഗങ്ങൾ 3 മണിക്കൂർ പരിശ്രമിച്ചാണ് മരം മുറിച്ചുമാറ്റിയത്. തുടർന്ന് 10 ഓടെ ഗതാഗതം പുനസ്ഥാപിച്ചു. കട്ടപ്പന അഗ്‌നിശമന സേനാംഗങ്ങളായ ടി.കെഴ സന്തോഷ്‌കുമാർ, സുദർശനൻ, പി.സി. ഷാജി, ബിജു, എം. മനു, മാത്തുക്കുട്ടി, വിഷ്ണു മോഹനൻ, ജിബിൻ, വിനേഷ്‌കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.