കുമരകം : വെള്ളപ്പൊക്ക ഭീതിയോടൊപ്പം ഇന്നലെ സന്ധ്യയോടെ ആഞ്ഞടിച്ച കൊടുങ്കാറ്റ് കുമരകത്ത് വ്യാപകനാശം വിതച്ചു. 17 സ്ഥലങ്ങളിൽ വൈദ്യുതിപോസ്റ്റുകൾ തകർന്നു. രണ്ട് വീട് പൂർണമായും, ഇരുപതോളം വീടുകൾ ഭാഗികമായും തകർന്നു. 10-ാം വാർഡിൽ എമ്പാക്കൽ ഭാഗത്ത് മാവ് ഇലക്ട്രിക്കൽ പോസ്റ്റിലേക്കും ലൈനിലേക്കും വീണു. ബസാർ ഗവ.യു.പി സ്കൂളിനടുത്തു കടൂപാലത്തിനു സമീപം പുളി മരം പോസ്റ്റിലേക്ക് വീണു. 10-ാം വാർഡിൽ മരം വീണ് സുലേഖ പുത്തൻപറമ്പിന്റെ വീട് പൂർണമായും തകർന്നു. കാട്ടൂത്ര വാളംപറമ്പ് റോഡിൽ കമുക് വീണ് വൈദ്യുതിലൈൻ പൊട്ടി. 11-ാം വാർഡിൽ മാരാച്ചേരി വീടിനു സമീപം മരം വീണ് ലൈൻ പൊട്ടി. എട്ടങ്ങാടി ഭാഗത്തും മരം വീണ് വൈദ്യുതിലൈൻ തകരാറിലായി. നാലാം വാർഡിൽ വള്ളാറപ്പള്ളിക്ക് സമീപം കല്ലിപ്പുറം ഭാഗത്തും മരങ്ങൾ വീണ് വൈദ്യുതി ബന്ധം താറുമാറായി. മൂലേപ്പാടം ചിറയിയിൽ നാലു പോസ്റ്റുകളാണ് നിലംപൊത്തിയത്. കൈതേപ്പറമ്പിൽ ശശിയുടെ വീടിന് മുകളിലേക്ക് പോസ്റ്റും മാവും വീണു. പ്രകാശൻ പട്ടർമഠത്തിന്റെ വീടിന്റെ മേൽക്കൂര നിലംപൊത്തി. മരം വീണ് നാലാം വാർഡിൽ ഫാ.ഡിക്രൂസ് കണ്ടമംഗലത്തിന്റെ വീടിന്റെ മേൽക്കൂര നിലം പൊത്തി. കെ.എസ്.നാരായണൻ വട്ടക്കളത്തിന്റെ വീട് ഭാഗികമായി തകർന്നു. കിഴക്കത്തുശ്ശേരി മോളിയുടെ വീട്, അജീഷിന്റെ ബജ്ജിക്കട തുടങ്ങിയവയും തകർന്നു. കുമർത്തുംപറമ്പിൽ എബ്രഹാം ഐസക് (കുഞ്ഞുമോൻ) വീടിന് മുകളിൽ മരവും പോസ്റ്റും വീണ് വീട് ഭാഗികമായി തകർന്നു. കുമരകം വില്ലേജ് ഓഫീസ് വളപ്പിൽ നിന്ന തേക്കിന്റെ ശിഖരം ഒടിഞ്ഞുവീണ് കോട്ടപ്പറമ്പിൽ അംബികയുടെ വീടിന്റെ മേൽക്കൂര തകർന്നു. മൂന്നാം വാർഡിൽ കിഴകേട്ടുശ്ശേരി മോളി അച്ചൻകുഞ്ഞിന്റെ വീടിന് മുകളിൽ മരം വീണ് വീട് തകർന്നു. മാലിക്കായൽ , അറുനൂറിൽ പാടം പാടങ്ങളിൽ മട വീണു.