പാലാ : കുടിവെള്ളം ലഭിക്കാത്തതിനാൽ പഞ്ചായത്ത് പ്രസിഡന്റിന് മുന്നിൽ ജീവൻ ബലിയർപ്പിക്കുമെന്ന ഭീഷണിയുമായി കൂലിപ്പണിക്കാരനായ ചേരമർ ക്രിസ്ത്യൻ യുവാവ്.കരൂർ സ്വദേശി ബിൻസ് ജോസഫാണ് വീട്ടിലേക്കുള്ള കുടിവെള്ള കണക്ഷൻ പുനസ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനു മുന്നിൽ 17ാം തീയതി ജീവൻ ത്യജിക്കുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. കരൂർ കുടിവെള്ള പദ്ധതിയുടെ മുൻ സെക്രട്ടറിയായിരുന്ന ബിൻസ് ഏതാനും വർഷം മുമ്പ് കിടങ്ങൂരിലേക്ക് താത്കാലികമായി താമസം മാറ്റിയിരുന്നു. ഈസമയം വീട്ടിലെ വെള്ളത്തിന്റെ കണക്ഷനും വിച്ഛേദിച്ചിരുന്നു. പിന്നീട് തിരികെ കരൂരിൽ എത്തിയശേഷം കുടിവെള്ളകണക്ഷൻ പുനസ്ഥാപിക്കുന്നതിന് നാളുകളായി ഓഫീസുകൾ കയറിയിറങ്ങുകയാണെന്ന് ബിൻസ് പറയുന്നു.
തനിക്ക് വെള്ളം നിഷേധിച്ച കുടിവെള്ള പദ്ധതി ഗുണഭോക്തൃ സമിതിക്കെതിരെ വിവിധ കേന്ദ്രങ്ങളിൽ പരാതിപ്പെട്ടിടും സമരപരിപാടികൾ നടത്തിയിട്ടും വെള്ളം ലഭിക്കാതെ വതോടെയാണ് ആത്മഹത്യാ മുന്നറിയിപ്പുമായി ബിൻസ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. 17ന് രാവിലെ 11 മണിക്ക് കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ മുന്നിൽ ആത്മഹത്യ ചെയ്യുമെന്നാണ് രണ്ടു പേജുള്ള കത്തിലൂടെ അറിയിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിലും തന്റെ ആത്മഹത്യാ കുറിപ്പ് ബിൻസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ കുടിവെള്ളം മുട്ടിച്ച വിവിധ രാഷ്ട്രീയ നേതാക്കളുടെയും പഞ്ചായത്ത്, ജലവിതരണ ഭാരവഹികളുടെയും പേരുകളും കത്തിൽ പരാമർശിച്ചിട്ടുണ്ട്. കത്ത് പുറത്തുവന്നതോടെ കരൂർ പഞ്ചായത്ത് അധികാരികൾ പാലാ പൊലീസിൽ പരാതിപ്പെട്ടു. ഇതേ തുടർന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. അതേസമയം ആദ്യം ഈ ജലവിതരണ പദ്ധതിയുടെ സെക്രട്ടറിയായിരുന്നൂ ബിൻസെന്നും അന്നത്തെ രേഖകൾ ഇപ്പോഴും ബിൻസിന്റെ പക്കലാണെന്നും ഇതു തിരിച്ചു കിട്ടിയാൽ ഉടൻ കുടിവെള്ളം കൊടുക്കുമെന്നുമാണ് ഗുണഭോക്തൃസമിതി ഭാരവാഹികളുടെ നിലപാട്. പ്രശ്‌നപരിഹാരം സംബന്ധിച്ച് ശനിയാഴ്ച അടിയന്തിരമായി യോഗം ചേരുമെന്ന് കരൂർ പഞ്ചായത്ത് അധികൃതർ പറയുന്നു.