nellu

ചങ്ങനാശേരി: നഗരസഭ ഒന്നാം വാർഡിൽ ഉൾപ്പെട്ട ഈര പൊങ്ങന്താനം പാടശേഖരത്തിൽ രണ്ടാഴ്ച മുൻപ് കൊയ്ത് മെതിച്ച നെല്ല് കരയ്ക്ക് എത്തിക്കാനാവാതെ പതിനാലോളം കർഷകരുടെ 70 ഏക്കറിലെ 8 ടൺ നെല്ല് വെള്ളത്തിലായി. കഴിഞ്ഞ 6 ന് ശേഖരിച്ച നെല്ലാണ് രണ്ടാഴ്ച പിന്നിട്ടിട്ടും കരയിൽ എത്തിക്കാനാവാതെ കണ്ണീർ കയത്തിലായത്. കൃഷി ഭൂമി പാട്ടത്തിനെടുത്ത് ക്യഷി ഇറക്കിയ നെല്ല് കൊയ്തു കളത്തിൽ കൂട്ടി.സിവിൽ സപ്ലൈ അധികൃതർ എത്തി നെല്ല് പരിശോധിച്ചപ്പോൾ നനവ് കണ്ടതോടെ നനവ് മാറിയിട്ട് എടുക്കാമെന്നാണ് അറിയിച്ചത്. പിന്നീട് മഴ ശക്തമായതോടെ നെല്ല് കരയ്ക്ക് എത്തിക്കാൻ സാധിക്കാതെ വന്നു. വയലിന്റെ ഓരത്തുള്ള തോട്ടിലൂടെ വള്ളത്തിൽ നെല്ല് എത്തിക്കാൻ കഴിയാത്തതും ഇവരെ കൂടുതൽ ദുരിതത്തിലാക്കി. നെല്ലടുപ്പിന് കാലതാമസം നേരിട്ടതാണ് ഈര പൊങ്ങാനം പാടത്ത് തങ്ങളുടെ അദ്ധ്വാനവും പ്രതീക്ഷയും വെള്ളപ്പൊക്കം കവർന്നതെന്ന് പാടശേഖര സമിതിയംഗങ്ങളും കർഷകരുമായ സദാശിവൻ, അനീഷ് ഒറ്റ തെങ്ങിൽ, ഹരിദാസ് എന്നിവർ പറഞ്ഞു. ക്വിന്റലിന് 2748 രൂപയുള്ളപ്പോഴാണ് പൊതുവിതരണ വകുപ്പ് അധികൃതർ നനവ് ചൂണ്ടിക്കാട്ടി നെല്ല് എടുക്കാൻ മടിച്ചത്. ഇപ്പോൾ 8 ടൺ നെല്ല് പാടത്ത് വെള്ളത്തിനടിയിലായി. നെല്ല് സംഭരിക്കാൻ പാടത്ത് സൗകര്യമില്ല. ചില പാടശേഖരങ്ങൾക്ക് സമീപം സുരക്ഷിതമായ ഷെഡുകൾ നിർമ്മിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഇന്നലെയുമായി കൃഷി വകുപ്പിൽ നിന്നും സിവിൽ സപ്ലൈസിൽ നിന്നും ഉദ്യോഗസ്ഥരെത്തി വിവരങ്ങൾ തിരക്കിയിരുന്നതായി കർഷകർ പറയുന്നു. നിയുക്ത എം.എൽ.എ. അഡ്വ. ജോബ് മെക്കിൾ സ്ഥലം സന്ദർശിച്ചു.