vellom

ചങ്ങനാശേരി: വാഴപ്പള്ളി, കുറിച്ചി പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം കഴിഞ്ഞദിവസത്തെ കനത്ത മഴയിൽ വെള്ളം കയറി. മുളയ്ക്കാംതുരുത്തി, ചെട്ടിശ്ശേരി, പറാൽ, വെട്ടിത്തുരുത്ത്, പുതുച്ചിറ, ചീരഞ്ചിറ, വടക്കേക്കര പ്രദേശങ്ങളിലായി ആയിരത്തിലധികം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. കുറിച്ചി പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. മുട്ടത്തുകടവ്, ചേലാറ ലക്ഷം വീട്കോളനി, ചേലച്ചിറ, ചാണകക്കുഴി, ചകിരി, കച്ചറകലുങ്ക്, ചാമക്കുളം പ്രദേശങ്ങളിലും കുട്ടൻചിറമറ്റം, വട്ടഞ്ചിറമറ്റം, പുലിക്കുഴി മറ്റം, ഐക്കരമറ്റം എന്നിവിടങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. പ്രദേശത്ത് അട്ടശല്യവും രൂക്ഷമാണ്.

വെള്ളം കയറി കൃഷികളും നശിച്ചതോടെ കർഷകരും ദുരിതത്തിലാണ്. ചങ്ങനാശേരി നഗരസഭയിലെ എ.സി.കോളനിയിലും വെള്ളം കയറിതുടങ്ങിയിട്ടുണ്ട്. എ.സി.കനാലിൽ വെള്ളമുയർന്നതോടെ കോളനി പൂർണ്ണമായും വെള്ളത്തിലായി. പായിപ്പാട് പഞ്ചായത്തിലെ പൂവം, നക്രാപുതുവൽ, കോമങ്കേരിച്ചിറ തുടങ്ങിയ സ്ഥലങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്. മഴ ശക്തമായി തുടർന്നാൽ ഈ സ്ഥലങ്ങൾ പൂർണ്ണമായും വെള്ളത്തിലാകും. കൊവിഡ് പടർന്നു പിടിക്കുന്നതിനിടെ വെള്ളം ഉയരുന്നത് അധികൃതരെ വിഷമവൃത്തത്തിലാക്കി. കുറിച്ചിയിലെ വെള്ളം കയറിയ സ്ഥലങ്ങൾ കോട്ടയം സബ്ബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.