rat

കോട്ടയം: കനത്ത മഴ തുടരുന്നതിനിടെ പടിഞ്ഞാറൻ മേഖലയിൽ എലിപ്പനി ഭീതി. മഴ ഒഴിഞ്ഞാലും വെള്ളക്കെട്ടുണ്ടാകാൻ സാദ്ധ്യതയുള്ള കുമരകം, തിരുവാർപ്പ്, അയ്‌മനം, ആർപ്പൂക്കര പ്രദേശങ്ങളിലാണ് എലിപ്പനി ഭീതിയിലായത്. പല പ്രദേശങ്ങളിലും അതിരൂക്ഷമായി മാലിന്യമടിഞ്ഞു കിടക്കുകയാണ്. ഈ സാഹചര്യത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ തന്നെ ആരോഗ്യ വകുപ്പ് എലിപ്പനി ബോധവത്കരണവുമായി രംഗത്തിറങ്ങി.

ആർപ്പൂക്കര പഞ്ചായത്തിലെ കരിപ്പൂത്തട്ട്, ചീപ്പുങ്കൽ, മണിയാപറമ്പ്, മഞ്ചാടിക്കരി എന്നീ പ്രദേശങ്ങളിൽ മലിനജലവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്ന മീൻപിടിത്തക്കാർ, കൃഷിക്കാർ, വീട്ടിലും പരിസരങ്ങളിലും വെള്ളം കയറിയവർ എന്നിവർക്ക് ഹെൽത്ത് ഇൻസ്‌പെക്ടർ അനൂപ് കുമാറിന്റെ നേതൃത്വത്തിൽ എലിപ്പനി പ്രതിരോധ മരുന്ന് വിതരണം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് റോസിലിൻ ടോമിച്ചൻ, ആരോഗ്യ സ്റ്റാറ്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ദീപാജോസ് എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തുതല ജാഗ്രതാ സമിതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.

 എലിപ്പനി

ലക്ഷണം

പനി, കണ്ണിനു ചുവപ്പു നിറം, സന്ധികൾക്കുവേദന, മൂത്രത്തിനു നിറവ്യത്യാസം

'എലിപ്പനി ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ വേണ്ട. എത്രയും വേഗം ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ടാൽ പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിൻ സൗജന്യമായി ലഭിക്കും".


ഡോ.റോസിലിൻ ജോസഫ്, മെഡിക്കൽ ഓഫീസർ

അതിരമ്പുഴ കുടുംബാരോഗ്യ കേന്ദ്രം