പാലാ: പാലായിൽ കേരള കോൺഗ്രസ് (എം) ന്റെ പ്രവർത്തനം ശക്തിപ്പെടുത്തുന്നു.പാർട്ടി കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുന്നതിനൊപ്പം ഇരുപതിനായിരത്തിൽപ്പരം പുതിയ മെമ്പർഷിപ്പും ലക്ഷ്യമിടുന്നതായി പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ഫിലിപ്പ് കുഴികുളം പറഞ്ഞു.
ഓരോ മൂന്നു വർഷവും കൂടുമ്പോഴാണ് പാർട്ടി കമ്മിറ്റികൾ പുന:സംഘടിപ്പിക്കുന്നത്.ജൂലൈയോടെ ഓരോ മണ്ഡലത്തിലും പുതിയ കമ്മിറ്റികൾ നിലവിൽവരും. കേരളാ കോൺഗ്രസ് എം ഉൾപ്പെട്ട എൽ.ഡി.എഫ് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നേടിയ വൻവിജയവും ഉയർന്ന ലീഡും നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ മുന്നണിക്ക് നില നിർത്താനായില്ലെന്നും കേരള കോൺഗ്രസ് (എം) പാലാ നിയോജകമണ്ഡലം കമ്മിറ്റി വിലയിരുത്തി. തിരഞ്ഞെടുപ്പിൽ ബി.ജെ.പി-യു.ഡി.എഫ് കൂട്ടുകെട്ടാണ് പാലായിൽ ഉണ്ടായത്. ജോസ്. കെ. മാണിയെ എതിർവിഭാഗം ഒറ്റപ്പെടുത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്തതായും യോഗം കുറ്റപ്പെടുത്തി. പാലായ്ക്ക് ലഭിക്കുമായിരുന്ന മന്ത്രിപദവിയും വികസനസാദ്ധ്യതകളുമാണ് ഇതോടെ നഷ്ടമായത്.
വികസന കാഴ്ചപ്പാടില്ലാത്ത കോൺഗ്രസിനും ബി.ജെ.പിക്കും പാലായ്ക്കായി ഒന്നും ചെയ്യാനാവില്ല. പാലാ മേഖലയിൽ നിന്നും കേന്ദ്ര മന്ത്രിസഭയിൽ കോൺഗ്രസിനും ബി.ജെ.പിക്കും പ്രാധിനിത്യം ലഭിച്ചിട്ടും അവർ ഈ നാടിനു വേണ്ടി ഒന്നും ചെയ്തില്ല. മറ്റ് ഉയർന്ന ഭരണഘടനാ പദവി ലഭിച്ചവരും നാടിന്റെ വളർച്ചയ്ക്കും ഉയർച്ചയ്ക്കും പുരോഗതിക്കും വേണ്ടി പ്രവർത്തിച്ചിരുന്നില്ല. ഈ ചരിത്രമാണ് പാലായിൽ ഇനിയും ആവർത്തിക്കപ്പെടുകയെന്നും യോഗം ചൂണ്ടിക്കാട്ടി. എൽ.ഡി.എഫ് സർക്കാരിന്റെ ജനക്ഷേമ പദ്ധതികളും വികസന സംരംഭങ്ങളും നടപ്പാക്കുന്നതിന് പിന്തുണ നൽകും.ഇതിനായി എൽ ഡി.എഫ് ത്രിതല പഞ്ചായത്ത് ഭരണസമിതികളുടെ നേതൃത്വത്തിൽ വികസന രൂപരേഖ തയാറാക്കി സർക്കാരിന് സമർപ്പിക്കുമെന്നും നിയോജക മണ്ഡലം
പ്രസിഡണ്ട് ഫിലിപ്പ് കുഴികുളം അറിയിച്ചു.