കുമരകം: തരിശു പാടം കൃഷി ഭൂമിയാക്കാനുള്ള കർഷകരുടെ ശ്രമം വിജയിച്ചെങ്കിലും വിളവെടുക്കാനാകാതെ കർഷകർ കണ്ണീർകയത്തിലായി. മറ്റീത്ര-ചാഴിവലത്തുകരി പാടശേഖരത്തിലെ 60ലേറെ കർഷകർക്കാണ് നെൽകതിരുകൾ കൊയ്തെടുക്കാനാകാതെ കൃഷി ഉപേക്ഷിക്കേണ്ടിവന്നത്. പതിനാലു വർഷത്തിന് ശേഷമാണ് ഇവിടെ കൃഷിയിറക്കിയത്. 50 ഏക്കർ വരുന്ന പാടശഖരത്ത് കഴിഞ്ഞ ദിവസം കൊയ്ത്ത് ആരംഭിച്ചെങ്കിലും അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കത്തിൽ പുറംബണ്ട് കവിഞ്ഞു നെൽചെടികൾ മുങ്ങിപോകുകയായിരുന്നു:. വർഷങ്ങളോളം തരിശായിക്കിടന്ന് നിലത്തിന്റെ അടിത്തട്ടിന് ഉറപ്പില്ലാത്തതിനാൽ കൊയ്ത്ത് യന്ത്രം ഇറക്കി കൊയ്ത് നടത്താൻ കഴിയാത്ത അവസ്ഥയായിരുന്നു. പ്രളയത്തിൽ നശിച്ച മോട്ടറും, മോട്ടർ തറയും പുതുതായി സ്ഥാപിച്ചാണ് ഇവിടെ കൃഷി ഇറക്കിയത് . ആവശ്യമായ തുക സഹകരണ ബാങ്കിൽ നിന്ന് വായ്പയായ് വാങ്ങിയാണ് കൃഷിച്ചിലവ് നടത്തിയത്.എന്നാൽ കനത്ത മഴയും കാറ്റും വെള്ളപ്പൊക്കവുമെല്ലാം കർഷകരുടെ പ്രതീക്ഷകൾ വെള്ളത്തിലാക്കി. പാടശേഖരം പൂർണമായും വെള്ളത്തിൽ മുങ്ങി നിലയിലാണ്. പ്രകൃതിക്ഷോഭത്തിന്റെ ഭാഗമായുള്ള നഷ്ടപരിഹാരത്തോടൊപ്പം പുറംബണ്ട് ബലപ്പെടുത്താനും മോട്ടോർ തറ നിർമ്മിക്കാനും സർക്കാർ സഹായം ലഭിച്ചെങ്കിലേ തുടർകൃഷി ഇറക്കാനാകൂവെന്ന് പാടശേഖരസമതി പ്രസിഡൻ്റ് ജയമോൻ മറുതാച്ചിക്കലും സെക്രട്ടറി അശോകൻ പുത്തൻപറമ്പും പറഞ്ഞു