calvary-school
കാല്‍വരിമൗണ്ട് കാല്‍വരി എല്‍.പി. സ്‌കൂളിന്റെ മേല്‍ക്കൂര നിലംപൊത്തിയ നിലയില്‍.

-ഹെക്ടര്‍കണക്കിന് കൃഷിയിടങ്ങള്‍ നാമാവശേഷം
-നിരവധി വീടുകള്‍ തകര്‍ന്നു
-ചീന്തലാറില്‍ ഒമ്പത് പേര്‍ക്ക് പരിക്ക്

കട്ടപ്പന: ന്യൂനമർദം കനത്ത പേമാരിയായി മാറിയതോടെ ഹൈറേഞ്ചിൽ ജനജീവിതം സ്തംഭിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെ വീശിയടിച്ച കൊടുങ്കാറ്റിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. ചീന്തലാർ തോട്ടം മേഖലയിൽ ലയങ്ങളുടെ മേൽക്കൂര തകർന്ന് ആറ് തൊഴിലാളികൾക്കും വീടിനു മുകളിൽ മരച്ചില്ല വീണ് മൂന്ന് പേർക്കും പരിക്കേറ്റു. കാൽവരിമൗണ്ട് കാൽവരി എൽ.പി സ്‌കൂളിന്റെ മേൽക്കൂര നിലംപൊത്തി. കട്ടപ്പന, ഉപ്പുതറ, ചീന്തലാർ, നെടുങ്കണ്ടം, ഇടുക്കി എട്ടാംമൈൽ, കാൽവരിമൗണ്ട് മേഖലകളിൽ നിരവധി വീടുകൾ തകർന്നു. മരങ്ങൾ കടപുഴകി വീണ് സംസ്ഥാനപാതയിലടക്കം ഗതാഗതം സ്തംഭിച്ചു. തകർന്നതും അപകടാവസ്ഥയിലായതുമായ വീടുകളിലെ താമസക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. വിവിധ സ്ഥലങ്ങളിലെ ഹെക്ടർ കണക്കിന് കൃഷിയിടങ്ങൾ നാമാവശേഷമായി. രാത്രി വൈകിയും മഴയും കാറ്റും തുടരുകയാണ്. കട്ടപ്പന നഗരസഭാപരിധിയിലും കാഞ്ചിയാർ പഞ്ചായത്തിലും 10 വീതം വീടുകൾ ഭാഗികമായി തകർന്നു. പുളിയൻമല ഹിൽടോപ്പിലെ അംഗൻവാടിയുടെ മേൽക്കൂര നിലംപൊത്തി. കട്ടപ്പന മേട്ടുക്കുഴി, കാവുംപടി മേഖലയിൽ റോഡിലേക്ക് നിരവധി മരങ്ങൾ കടപുഴകി വീണു. കാവുംപടി തൊണ്ടിയാമ്മാക്കൽ ഡയാന, മകൻ സുരേഷ് എന്നിവരുടെ വീടുകൾ അപകടാവസ്ഥയിലായതോടെ ഇവരെ റോഷി അഗസ്റ്റിൻ എം.എൽ.എയുടെ ഇടപെടലിൽ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി പാർപ്പിച്ചു.

ഇടുക്കി എട്ടാംമൈൽ, കരിമ്പൻസിറ്റി, കാൽവരിമൗണ്ട് മേഖലകളിൽ നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. കാൽവരിമൗണ്ട് കാൽവരി യു.പി. സ്‌കൂളിന്റെ എട്ട് ക്ലാസുകളും സ്റ്റേജും ഉൾപ്പെടുന്ന പ്രധാന കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നത്. ഇവിടെ സൂക്ഷിച്ചിരുന്ന രേഖകൾ ഉൾപ്പെടെയുള്ളവ സ്‌കൂളിലെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. ഏകദേശം 15 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഇടുക്കി തഹസിൽദാർ, തങ്കമണി വില്ലേജ് ആഫീസർ, കട്ടപ്പന എ.ഇ.ഒ എന്നിവർ സ്ഥലം സന്ദർശിച്ചു. ഡെപ്യൂട്ടി ഡയറക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കാൽവരിമൗണ്ട് അത്തിപ്പുഴ ജോമേഷിന്റെ വീടിന്റെ മേൽക്കൂര പൂർണമായി തകർന്നു. മേഖലയിലെ പത്തോളം വീടുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. എട്ടാംമൈൽ കൂമ്പുക്കൽ കെ.സി. ജോർജിന്റെ വീട് പൂർണമായി തകർന്നു. ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്ന 10ാംമൈൽ പ്ലാപ്പള്ളിൽ ജിൻസനും കുടുംബവും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മേൽക്കൂര വീഴുന്നത് കണ്ട് ഇവർ കട്ടിലിനടിയിൽ കയറുകയായിരുന്നു. ഇവരെ മറ്റൊരു വീട്ടിലേക്ക് മാറ്റി. മരം വീണ് കരിമ്പൻസിറ്റി പാലംചേരിയിൽ ഓമനയുടെ വീട് തകർന്നു. ഓമനയെയും കുടുംബാംഗങ്ങളെയും മറ്റൊരു വീട്ടിലേക്ക് മാറ്റി. ഒൻപതാംമൈൽ പുഴമംഗലം കുഞ്ഞുമോന്റെ വീടും തകർന്നു. കരിമ്പൻസിറ്റി പാലത്താനം സജിയുടെ വീടിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ നിലംപൊത്തി. വയലുങ്കൽ ശാന്തമ്മയുടെ വീടിന്റെ ഒരുഭാഗം തകർന്നു. കാമാക്ഷി ഗ്രാമപഞ്ചായത്തംഗം ചെറിയാൻ കട്ടക്കയത്തിന്റെ സ്റ്റോർ മുറിയുടെ മേൽക്കൂരയും നിലംപൊത്തി. കരിമ്പനയ്ക്കൽ ജോമോൻ, കറുകത്തറ ബെന്നി എന്നിവരുടെ വീടുകൾക്കും കേടുപാട് സംഭവിച്ചു. പഞ്ചായത്ത് അംഗം ചെറിയാൻ കട്ടക്കയത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.