പാലാ: വീശിയടിച്ച കാറ്റിൽ ആനത്തറിയുടെ മേൽക്കൂര നിലംപൊത്തി; കിട്ടിയ അൽപ്പം ഇടയിലൂടെ പുറത്തേക്ക് നൂഴ്ന്നിറങ്ങിയ ബ്രഹ്മദത്തൻ ആകെ ഭയന്നു; പിന്നെ ഉറക്കെ ചിന്നംവിളിച്ചു.

അപകടം മണത്ത ആനയുടമ അഡ്വ.രാജേഷ് പല്ലാട്ട് തറിയിലേക്കോടിയെത്തി; 'മോനെ, ഒന്നൂല്ലെടാ, പേടിക്കേണ്ട..... '. ഉടമസ്ഥനെക്കണ്ടതും ബ്രഹ്മദത്തന്റെ ആനപ്പേടി പമ്പകടന്നു.! പാപ്പാന്മാരായ പ്രശാന്തും വിശാലും സുരേഷും കൂടി അടുത്തെത്തിയപ്പോഴേയ്ക്കും ബ്രഹ്മദത്തന് നല്ല ധൈര്യം; ഇനിയേതു കാറ്റു വന്നാലും ഒന്നു കാണട്ടെന്ന മട്ട്.

ഇന്നലെ രാവിലെ ഏഴരയോടെയാണ് ഭരണങ്ങാനം അമ്പാറ മേഖലകളിൽ കൊടുങ്കാറ്റ് വീശിയത്. പല്ലാട്ട് വീടിന്റെ ഒരു വിളിപ്പാടകലെ കൂറ്റൻ തറിയിൽ ബ്രഹ്മദത്തൻ ഒറ്റയ്ക്കായിരുന്നു. മൂന്നു പാപ്പാന്മാരും ഇതിനപ്പുറമുള്ള കൊച്ചുവീട്ടിലും. ആഞ്ഞടിച്ച കാറ്റിൽ ആനത്തറിയിളകി. റെയിൽ പാളങ്ങളുടെ പട്ടയിൽ നിർമ്മിച്ചതിനാൽ തൂണുകൾ ഒടിഞ്ഞില്ല; പക്ഷേ വളഞ്ഞു. മേൽക്കൂര ചെരിഞ്ഞു വരുന്നതു കണ്ടതേ ബ്രഹ്മദത്തൻ ചിന്നംവിളിച്ചു, കിട്ടിയ ഇടയിലൂടെ മുൻ കാലിൽ നിരങ്ങി വേഗം പുറത്തേക്ക് നൂഴ്ന്നിറങ്ങി. പുറത്തെത്തിയെങ്കിലും ഭയന്നുപോയ ബ്രഹ്മദത്തൻ വീണ്ടും ചിന്നം വിളിച്ചപ്പോഴാണ് ഉടമ അഡ്വ. രാജേഷ് പല്ലാട്ട് ഓടിയെത്തിയത്.

രാത്രി വിശാലമായി കിടന്ന് ഉറങ്ങാനുള്ള സൗകര്യത്തിന് ചങ്ങല വളരെ നീട്ടിയാണ് തളച്ചിരുന്നത് എന്നതിനാൽ മേൽക്കൂര ചെരിഞ്ഞു വന്നപ്പോഴേ ആനയ്ക്ക് വേഗത്തിൽ പുറത്തുകടക്കാനായി. ആകെ ഭയന്നു പോയെങ്കിലും 'വേണ്ടപ്പെട്ടവരെല്ലാം ' പെട്ടെന്ന് അരികിലെത്തിയതിനാൽ പെട്ടെന്ന് ബ്രഹ്മദത്തൻ മനസാന്നിദ്ധ്യം വീണ്ടെടുത്തു. 'ഇതാ പേടിച്ച കുട്ടന് പഴം ' അഡ്വ.രാജേഷ് കൊടുത്ത ഒരു പടലപ്പഴം അപ്പാടെ വായിലിടുമ്പോൾ 'ഏതു കാറ്റ്' ...? ഞാനൊന്നുമറിഞ്ഞില്ലേ, ഒരു കാറ്റും ' എന്ന ഭാവമായിരുന്നൂ ആനച്ചന്തത്തിന്റെ ഈ അഴകപ്പന്.