vazhoor-soman
ചീന്തലാറിലെ തോട്ടം തൊഴിലാളി ലയങ്ങള്‍ വാഴൂര്‍ സോമന്‍ എം.എല്‍.എ. സന്ദര്‍ശിച്ചപ്പോള്‍.

കട്ടപ്പന: വെള്ളിയാഴ്ച രാത്രിയുണ്ടായ കാറ്റിലും മഴയിലും ചീന്തലാറിലെ ലയങ്ങളുടെ മേൽക്കൂര തകർന്ന് ആറ് തൊഴിലാളികൾക്ക് പരിക്കേറ്റു. ചീന്തലാർ ഒന്നാം ഡിവിഷൻ കാറ്റാടിക്കവലയിൽ സൂപ്പർവൈസർ ക്വാർട്ടേഴ്‌സിൽ പുത്തൻപുരയ്ക്കൽ ജയ്‌മോൻ, ഭാര്യ ചെല്ലത്തായി, മകൾ ശ്രീജ, രണ്ടാം ഡിവിഷൻ മുരുകൻ കങ്കാണി 17 മുറിലയത്തിൽ മുത്തയ്യൻ, ജ്ഞാന ശെൽവി, അലമേൽ എന്നിവർക്കാണ് പരിക്കേറ്റത്. തൊട്ടടുത്തുള്ള തേവർ ലയത്തിന്റെ മേൽക്കൂര തകർന്നെങ്കിലും ഇവിടെ താമസിച്ചിരുന്ന ക്രിസ്തുരാജും കുടുംബവും അദ്ഭുതകരമായി രക്ഷപ്പെട്ടു. തലയ്ക്ക് സാരമായി പരിക്കേറ്റ ജയ്‌മോന് വിദഗ്ധ ചികിത്സ നിർദേശിച്ചിട്ടുണ്ടങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് മൂലം ആശുപത്രിയിൽ പോകാൻ കഴിഞ്ഞിട്ടില്ല. ഇന്നലെ മഴയ്ക്ക് ശമനമുണ്ടായെങ്കിലും ശക്തമായ കാറ്റ് തുടരുകയാണ്. ഇവിടുത്തെ ഭൂരിഭാഗം ലയങ്ങളും ചോർന്നൊലിക്കുന്നവയാണ്. മേൽക്കൂര തകർന്ന ലയങ്ങളിൽ താമസിച്ചിരുന്ന നാല് തൊഴിലാളി കുടുംബങ്ങളെ പുതുക്കട പഞ്ചായത്ത് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. വാഴൂർ സോമൻ എം.എൽ.എ, പ്ലാന്റേഷൻ ഇൻസ്‌പെക്ടർ വി.ബി. ബിജു, പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ജയിംസ്, വില്ലേജ് ഓഫീസർ എം. പ്രിജിമോൻ എന്നിവർ സ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. ഉപ്പുതറ ചീന്തലാറിൽ വീടിനു മുകളിൽ മരക്കൊമ്പ് പതിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. വീട് ഭാഗികമായി തകർന്നു. കാറ്റാടിക്കവല പുത്തൻപുരക്കൽ ജയ്‌മോൻ, ഭാര്യ ചെല്ലത്തായി, മകൾ പ്രീജ എന്നിവർക്കാണ് പരിക്കേറ്റത്. വീടിന് സമീപത്തെ മാവിന്റെ ചില്ല ഒടിഞ്ഞ് അടുക്കള ഭാഗത്ത് ഒടിഞ്ഞുവീഴുകയായിരുന്നു. ഷീറ്റും കോൺക്രീറ്റ് പാളികളും ചിതറിത്തെറിച്ചാണ് മൂവർക്കും പരിക്കേറ്റത്. ഇവർക്ക് ഉപ്പുതറ സി.എച്ച്.സിയിൽ ചികിത്സ നൽകി. ഉപ്പുതറ, അയ്യപ്പൻകോവിൽ പഞ്ചായത്തുകളിലായി ഒരു വീട് പൂർണമായും 26 വീടുകൾ ഭാഗികമായും തകർന്നു. ആനവിലാസം വില്ലേജിൽ ഉൾപ്പെട്ട അയ്യപ്പൻകോവിൽ കന്നിക്കല്ല് പുത്തൻപുരക്കൽ പി.ജെ. ബിനോജിന്റെ വീടാണ് പൂർണമായി തകർന്നത്. കൂടാതെ അയ്യപ്പൻകോവിലിലും ഉപ്പുതറയിലുമായി 13 വീടുകൾ വീതം ഭാഗികമായി തകർന്നു. രണ്ട് 33 കെ.വി, പതിനഞ്ച് 11 കെ.വി, 8 എൽ.ടി വൈദ്യുതി പോസ്റ്റുകൾ നിലംപൊത്തി. തൂണുകൾ തകർന്നു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ 10 മണിക്കൂറിലധികം പരിശ്രമിച്ചിട്ടാണ് പല മേഖലകളിലും വൈദ്യുതി പുനഃസ്ഥാപിക്കാനായത്. ഉൾപ്രദേശങ്ങളിൽ വൈദ്യുതി പുനസ്ഥാപിക്കാൻ മൂന്ന് ദിവസം വേണ്ടിവരും.


പെരിയാർ തീരത്ത് വീടുകളിൽ വെള്ളം കയറി

കനത്തമഴയിൽ പെരിയാറിലെ ജലനിരപ്പ് അതിവേഗമുയർന്നു. പ്രളയ ഭീതി വിട്ടൊഴിയാത്ത തീരവാസികൾ വീണ്ടും ആശങ്കയിലാണ്. ഉപ്പുതറ മേഖലയിൽ ഇന്നലെ വൈകിയും മഴ തുടരുകയാണ്. ശക്തമായ കാറ്റിൽ ഉപ്പുതറ, ചപ്പാത്ത് മേഖലയിലെ നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. വെള്ളിയാഴ്ച രാത്രി വട്ടമലയിൽ പ്രമോദ് കുമാറിന്റെ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. കുടുംബാംഗങ്ങൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ചപ്പാത്ത് പാലക്കൽ രാധാകൃഷ്ണൻ, പൂക്കുളം 12 പുതുവൽ ശാരു കല്ലുങ്കൽ ജിൻസി, സാബിത് മീരാൻ, ഉള്ളൂരിപ്പിൽ സിബിൻ കെ. തോമസ് എന്നിവരുടെയും വീടുകൾക്ക് കേടുപാട് ഉണ്ടായി. കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളും ഭാഗികമായി തകർന്നു. നാട്ടുകാർ സ്ഥലത്തെ ഇവരെ ബന്ധുക്കളുടെ വീടുകളിലേക്ക് മാറ്റി. തുടർന്ന് അറ്റകുറ്റപ്പണി നടത്തി വീടുകൾ താത്കാലികമായി വാസയോഗ്യമാക്കി. കട്ടപ്പന- കുട്ടിക്കാനം സംസ്ഥാനപാതയിൽ വിവിധ സ്ഥലങ്ങളിൽ മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു. നാശനഷ്ടടമുണ്ടായ വീടുകൾ വില്ലേജ് അധികൃതർ സന്ദർശിച്ചു.

കൃഷിനാശം

ഏലപ്പാറ പഞ്ചായത്തിൽ കാറ്റിലും മഴയിലും ഏക്കർ കണക്കിന് സ്ഥലത്തെ കൃഷി നശിച്ചു. ഏലപ്പാറ ചിന്നാർ ഇടപ്പുകിൽ എ.ആർ. കൃഷ്ണൻ നായരുടെ രണ്ട് ഏക്കർ പുരയിടത്തിൽ വിളവെടുപ്പിന് പാകമായ ഏലച്ചെടികൾ പൂർണമായി നശിച്ചു. ബാങ്കിൽ നിന്ന് വായ്പയെടുത്താണ് ഇദ്ദേഹം ഏലം കൃഷി ചെയ്തത്. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.