tree

കോട്ടയം: കനത്ത മഴയിൽ വൻ നാശം. വിവിധ പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നു. പടിഞ്ഞാറൻ മേഖലയിൽ അടക്കം വെള്ളക്കെട്ട് രൂപപ്പെട്ടു. ജില്ലയിലെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി ഒൻപത് കുടുംബങ്ങളിലെ 37 പേരെ മാറ്റിപ്പാർപ്പിച്ചു.

രണ്ടു ദിവസമായി ജില്ലയിൽ നിർത്താതെ മഴ പെയ്‌തതമാണ് നാശത്തിനു കാരണമായത്. ജില്ലയിൽ മാത്രം ഏതാണ്ട് രണ്ടു കോടി രൂപയുടെ അടുത്ത് കൃഷി നാശമുണ്ടായി. 200 ഏക്കറിലെ നെൽകൃഷി നശിച്ചു. വിളവെടുക്കാൻ പാകമായ നെൽച്ചെടികളും ഏത്തവാഴയും പച്ചക്കറിയും നശിച്ചു.

നാട്ടകം, മറിയപ്പള്ളി, കോട്ടയം നഗരം, മുണ്ടക്കയം, ഈരാറ്റുപേട്ട, പാലാ പ്രദേശങ്ങളിൽ പലയിടത്തും മരം വീണ് വൈദ്യുതി ലൈനുകളും പോസ്റ്റുകളും തകരാറിലായിട്ടുണ്ട്. പലയിടത്തും വൈദ്യുതി ബന്ധം ഇനിയും പുനസ്ഥാപിച്ചിട്ടില്ല. ആറുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ടെങ്കിലും പ്രളയത്തിനു സമാനമായ സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.

 സുരക്ഷയുറപ്പാക്കും


കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുള്ള മുന്നറിയിപ്പ് അനുസരിച്ച് ജില്ല പൊലീസ് മുന്നൊരുക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി. ജില്ലയിലെ എല്ലാ ആംബുലൻസ്, ജെ.സി.ബി., ക്രെയിൻ സർവീസ്, ബോട്ട്, വള്ളം,ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പരിചയമുള്ള ആളുകൾ എന്നിവയുടെ ഫോൺ നമ്പറുകൾ ശേഖരിച്ചിട്ടുണ്ട്. ആവശ്യം വന്നാൽ ഇവരെ പെട്ടെന്ന് എത്തിക്കും. ദുരന്ത സാദ്ധ്യത ഉള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരെ മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും എല്ലാ എസ്.എച്ച്.ഒമാർക്കും നിർദേശം നൽകിയിട്ടുണ്ട് .

 നെൽകൃഷി നശിച്ചു

ചാന്നാനിക്കാട് ദുർഗ്ഗാ ക്ഷേത്രം മുതൽ പാച്ചിറ മൂല വരെയുള്ള 110 ഏക്കർ വരുന്ന പാടശേഖരത്തിലെ കൃഷി പൂർണ്ണമായി നശിച്ചു. കൊയ്ത്ത് , മെതി യന്ത്രം ലഭിക്കാതെ വന്നതിനാൽ മഴയ്ക്ക് മുൻപ് കൊയ്യാൻ കഴിഞ്ഞില്ല. ഇതിന് പുറമെ കൊയ്ത് കൂട്ടിയ നൂറുകണക്കിന് കറ്റ കൾ മെതിക്കാൻ കഴിയതെ കുന്നത്ത് കടവിൽ റോഡിൽ കുട്ടിയിട്ടത് വെള്ളത്തിൽ ഒഴുകി പോകുന്ന സ്ഥിതിയാണ്. അരയടി കൂടി വെള്ളം പൊങ്ങിയാൽ റോഡും വെളളത്തിലാവും. എഞ്ചിൻ തറയിലും വെള്ളം കയറി.
എം.എൽ.എ അടക്കമുള്ളവർ ഈ പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്ന് കർഷക സംഘം പനച്ചിക്കാട് മേഖലാ സെക്രട്ടറി റോബിൻ തോമസ് ആവശ്യപ്പെട്ടു.