പാലാ : കനത്തമഴക്കൊപ്പം എത്തിയ കൊടുങ്കാറ്റ് പാലാ മേഖലയിൽ കനത്തനാശം വിതച്ചു. ശനിയാഴ്ച രാവിലെ 8.30 ഓടെ വീശിയടിച്ച ചുഴലിക്കാറ്റ് പാലായുടെ സമീപ പ്രദേശങ്ങളിൽ സംഹാരതാണ്ടവമാടി. 35ഓളം വീടുകൾക്ക് ഭാഗികമായോ പൂർണ്ണമായോ കോടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വ്യാപക കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കരൂർ, മുത്തോലി, കിടങ്ങൂർ, രാമപുരം, വെളിയന്നൂർ പഞ്ചായത്തിൽ കാറ്റ് വ്യാപകനാശം വരുത്തി. കരൂർ, മുത്തോലി, കിടങ്ങൂർ പഞ്ചായത്തുകളിലായി കിലോമീറ്റർ ദൂരത്തിൽ റബർ മരങ്ങൾ ഒടിഞ്ഞുവീണു. പലസ്ഥലങ്ങളിലും വൈദ്യുതി വിതരണം താറുമാറായി. റോഡ് ഗതാഗതവും ഭാഗികമായി തടസപ്പെട്ടു.പാലാ പൂഞ്ഞാർ ഹൈവേയിലെ കുമ്മണ്ണൂർ മംഗളാരാംപള്ളിക്ക് സമീപം വൻതണൽമരം കടപുഴകി വീണ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. കനത്ത മഴയിൽ അർദ്ധരാത്രിയോടെയാണ് മരം നിലപൊത്തിയത്. തുടർന്ന് നാട്ടുകാരം ഫയർഫോഴ്‌സും ചേർന്ന് രണ്ടുമണിക്കൂറിലേറെ കഷ്ടപ്പെട്ടാണ് മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. പാലാ രാമപുരം റോഡിലും പാലാ പയപ്പാർ റോഡിലും ഗതാഗതം തടസപ്പെട്ടു.

കരൂർ പഞ്ചായത്തിൽ കാറ്റ് വലിയ നാശമാണ് വിതച്ചത്. പ്രദേശത്ത് നൂറുകണക്കിന് റബർ മരങ്ങൾ വ്യാപകമായ ഒടിഞ്ഞു വീണിട്ടുണ്ട്.മരം വീണ് 18 വീടുകൾ തകർന്നു. പാലാ രാമപുരം, പാലാ ഏഴാച്ചേരി റോഡുകളിൽ മണിക്കൂറുകളോളം ഗതാഗതം നിലച്ചു.

മുത്തോലി പഞ്ചായത്തിൽ വീശിയടിച്ച കാറ്റ് പടിഞ്ഞാറ്റിൻകര, പാളയം മേഖലയിൽ വൻ നാശം സൃഷ്ടിച്ചു. നിരവധി വൻമരങ്ങൾ നിലംപൊത്തി.

വള്ളിച്ചിറയിൽ വൻ വൃക്ഷങ്ങൾ കടപുഴകി വീണു പാലാ വൈക്കം റൂട്ടിൽ ഗതാഗതം നിലച്ചു. ഫയർഫോഴ്‌സ്, വൈദ്യുതി വകുപ്പ് ഉദ്യോസ്ഥർ സംഭവ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി. വാരികാട്ട് വി.കെ. സതീഷ്‌കുമാറിന്റെ വീടിനോടു ചേർന്നുള്ള പശു തൊഴുത്തും, കുടുംബ ക്ഷേത്രവും മരങ്ങൾ വീണു തകർന്നു. കിടങ്ങൂർ പഞ്ചായത്തിലുണ്ടായ ചുഴലിക്കാറ്റിൽ കിടങ്ങൂർ സൗത്തിലെ 9, 12 വാർഡുകളിലും ചെമ്പിളാവ് പ്രദേശത്തും വീടുകൾക്കും കൃഷികൾക്കും വലിയ നാശനഷ്ടമുണ്ടായി. നാശമുണ്ടായ പ്രദേശങ്ങൾ കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം അശോക് പൂതമന, മെമ്പർമാരായ ദീപാ സുരേഷ്, കെ.ജി. വിജയൻ, സുനി അശോകൻ തുടങ്ങിയവർ സന്ദർശിച്ചു.