കുറവിലങ്ങാട്: ഇതര സംസ്ഥാനങ്ങളിൽ നിന്ന് രാസവസ്തുക്കൾ കലർത്തിയ മീൻ വിപണിയിൽ വ്യാപകമായി. തമിഴ്നാട്, കർണാടക, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്ന് എത്തിക്കുന്നതാണ് ഇവ. ചൂര, മങ്കട, സ്രാവ്, തിരണ്ടി തുടങ്ങിയ വലിയ ഇനം മീനുകളാണ് രാസ വസ്തുക്കൾ കലർത്തി എത്തുന്നത്.
ഫോർമാലിൻ പോലുള്ള രാസവസ്തുക്കൾ കലർത്തിയ മത്സ്യത്തിന് പഴക്കമുണ്ടെങ്കിലും കാഴ്ചയിൽ പച്ചയാണെന്ന തോന്നും. പാകം ചെയ്യുമ്പോൾ മാംസത്തിന് കറുത്ത നിറം ഉണ്ടാകുന്നതായും ചിലപ്പോൾ കറി പതയോടു കൂടി തിളച്ചു പൊന്തുന്നതായും വീട്ടമ്മമാർ പറയുന്നു.
ലോക്ക്ഡൗൺ കാലമായതിനാൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് മത്സ്യവുമായെത്തുന്ന ലോറികൾ പരിശോധിക്കുന്ന സംവിധാനം നിലച്ചിരിക്കുകയാണ്. കഴിഞ്ഞ അടച്ചിടൽ കാലത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്ന് മത്സ്യം കേരളത്തിലെത്തിക്കുന്നത് സർക്കാർ നിരോധിച്ചിരുന്നു. ഓപ്പറേഷൻ സാഗർ റാണി എന്ന പേരിൽ നടത്തിയ പരിശോധനയിലൂടെ പഴകിയ മത്സ്യം കണ്ടെത്തി നശിപ്പിക്കുകയും ശക്തമായ ശിക്ഷാ നടപടികൾ കൈക്കൊള്ളുകയും ചെയ്തിരുന്നു.