അടിമാലി: ഡാമിന് താഴെ കുടികെട്ടി പുഴയിൽനിന്ന് മീൻപിടിച്ച മൂന്ന് യുവാക്കൾ പാറയിടുക്കിൽ കുടുങ്ങി. തലതിരിപ്പൻ ആദിവാസി കുടിയിലെ താമസക്കാരായ ചെല്ലപ്പൻ (40),സതീഷൻ (31),ചന്ദ്രൻ (20)എന്നിവരാണ് കുടുങ്ങിയത്.പാംബ്ല ഡാമിന്റെ താഴെ പുഴയിലെ പാറയിൽ കുടിൽ കെട്ടി താമസിച്ച് മീൻ പിടിക്കുകയായിരുന്നുഇവർ.ശനിയാഴ്ച വൈകിട്ട് ഡാം തുറന്നതിനെത്തുടർന്ന് പുഴയിൽ വെള്ളം പൊങ്ങിയതിനെത്തുടർന്ന് പാറയിൽ കുടുങ്ങുകയായിരുന്നു. കരിമണൽ പൊലിസ് അറിയിച്ചതിനെത്തുടർന്ന് സംഭവ സ്ഥലത്ത് എത്തിയ കോതമംഗലത്ത് നിന്നുള്ള അഗ്‌നി രക്ഷാ സേനയിലെ സ്‌കൂബാ സംഘം പുഴക്കു കുറുകെ വടം കെട്ടി ലൈഫ്‌ബോയ, ലൈഫ് ജാക്കറ്റ് എന്നിവ ഉപയോഗിച്ച് പാറയിൽ എത്തി യുവാക്കളെ കരക്കെത്തിക്കുകയായിരുന്നു.പ്രതികൂല കാലാവസ്ഥയും ഇരുട്ടും കുത്തൊഴുക്കുമുണ്ടായിരുന്ന പുഴയിൽ അതിസാഹസീകമായിരുന്നു രക്ഷാപ്രവർത്തനം.അസി. സ്റ്റേഷൻ ഓഫീസർ സജി മാത്യു,സീനിയർ ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർ കെ.എസ് എൽദോസ്,ഫയർ ഓഫീസർമാരായ പി.എം. റഷീദ്,സിദീഖ് ഇസ്മയിൽ,ബെന്നി മാത്യൂ എന്നിവരാണ് രക്ഷാദൗത്യത്തിൽ പങ്കെടുത്തത്.