elphenta-attack-house

രാജകുമാരി: കൊവിഡും പെരുമഴയും ഭീതി പരത്തുന്നതോടൊപ്പം കാട്ടാന ശല്യവും സൂര്യനെല്ലിക്കാരുടെ ഉറക്കം കെടുത്തുന്നു. ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ എത്തിയ ഒറ്റയാൻ പുലിച്ചോലയിൽ ഒരു വീട് ആക്രമിച്ചു. ആലപ്പുഴ സ്വദേശിയുടെ ഏലത്തോട്ടത്തിലെ വീടാണ് കാട്ടാന തകർത്തത്. തോട്ടത്തിലെ ജോലിക്കാരായ വയനാട് സ്വദേശി സന്തോഷ്, അന്യസംസ്ഥാന തൊഴിലാളി ടെൻസിങ് എന്നിവരാണ് ഈ സമയം വീടിനകത്ത് ഉണ്ടായിരുന്നത്. ഒറ്റയാൻ വീടിന്റെ കതകിൽ കുത്തിയ ഉടൻ ഇവർ രണ്ടു പേരും മറ്റൊരു വാതിലിലൂടെ ഇറങ്ങി ഓടിയതിനാൽ ദുരന്തം ഒഴിവായി. പ്രദേശത്ത് വൈദ്യുത വേലിയുണ്ടെങ്കിലും ദിവസങ്ങളായി ഇവിടെ വൈദ്യുതി മുടങ്ങിയതാണ് വന്യ മൃഗങ്ങൾ ജനവാസ മേഖലയിലിറങ്ങാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.