മുണ്ടക്കയം : കനത്ത മഴ തുടരുന്നതോടെ മലയോരമേഖല ആശങ്കയിൽ. ശക്തമായ മഴ തുടർന്നാൽ ഉരുൾപൊട്ടലുണ്ടാകുമോയെന്ന ഭീതിയിലാണ് ജനം. മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ, പെരുവന്താനം പഞ്ചായത്തുകളിലെ നിരവധി പ്രദേശങ്ങൾ ഉരുൾപൊട്ടൽ മേഖലയാണ്. കഴിഞ്ഞ വർഷം കൊക്കയാർ പഞ്ചായത്തിലെ വെമ്പാലയിൽ മലയിടിഞ്ഞിരുന്നു. തകർന്ന പാറയുടെ പാതി ഭാഗം ഇപ്പോഴും ഭീഷണിയായി നിൽക്കുകയാണ്. കഴിഞ്ഞ വർഷം ചെറുതും വലുതുമായ ഇരുപതോളം ഉരുൾപൊട്ടലുകളാണ് ഈ മേഖലയിൽ ഉണ്ടായത്. കൂട്ടിക്കൽ പഞ്ചായത്തിലെ ഏന്തയാർ, ഇളങ്കാട്, മുകുളം, കൊടുങ്ങ മേഖലകൾ കടുത്ത ഭീതിയിലാണ്. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിന് പഞ്ചായത്ത് അടിസ്ഥാനത്തിൽ തീരുമാനം എടുത്തിട്ടുണ്ട്. എന്നാൽ കൊവിഡ് രോഗികളുടെ എണ്ണം വിവിധ മേഖലകളിൽ കൂടുതലാണ്. ഇതും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇവർക്കായി പ്രത്യേകം ക്യാമ്പ് സജ്ജീകരിക്കാനാണ് അധികൃതരുടെ തീരുമാനം.