വൈക്കം : വാഴമന മുട്ടുങ്കലിലെ ജലസേചന വകുപ്പിന്റെ ഓരുമുട്ട് പൂർണ്ണമായി നീക്കാത്തതിനാൽ 100 ഓളം വീടുകൾ വെള്ളത്തിലായി. ഓരുമുട്ടുകൾ പൊളിക്കാത്തതിനാൽ മലിനജലം കെട്ടിക്കിടക്കുന്നത് വ്യാപകമായിരുന്നു. വെള്ളപ്പൊക്കം ഉണ്ടാകാതെയിരിക്കാനും ഓര് മുട്ടുകൾ നീക്കംചെയ്യേണ്ടത് അനിവാര്യമായിരുന്നു. 50 മീറ്ററോളം നീളത്തിൽ വാഴമനയിൽ പണിത മുട്ടിന്റെ ഒരരിക് മാത്രമാണ് കരാറുകാരൻ നീക്കം ചെയ്തത്. ജലസേചന വകുപ്പിന്റെ മേൽനോട്ടവും ഉണ്ടായില്ല. മഴയിൽ മുട്ടിൽ ഉറച്ച മണ്ണ് നീക്കം ചെയ്യാനാവുന്നില്ലെന്ന കാരണം പറഞ്ഞ് കരാറുകാരൻ ഇട്ടിട്ട് പോയത്. കനത്ത മഴയിലെ കുത്തൊഴുക്കിൽ താത്കാലിക ഓരുമുട്ടിന് മുകളിലൂടെ വെള്ളം കുത്തിയൊലിച്ചു. ഒഴുക്കിന് തടസം വന്നതോടെ തീരത്താകെ വെള്ളം കയറി. തലയോലപറമ്പ് ,ഉദയനാപുരം പഞ്ചായത്തുകളിലെ 100 ഓളം വീടുകളാണ് വെള്ളത്തിലായത്. വൈക്കം വാഴമന റോഡും മുട്ടുങ്കൽ വടയാർ റോഡും വെള്ളത്തിലായി. മുട്ടിന്റെ നീക്കം ചെയ്ത ഭാഗത്തെ കുത്തൊഴുക്ക് തീരത്തെയും തകർക്കുന്ന സ്ഥിതിയിലായതോടെ നാട്ടുകാർ എം.എൽ.എയെ വിവരമറിയിച്ചു. തുടർന്ന് ഫയർഫോഴ്‌സും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കരാറുകാരനെത്തി ജെ.സി.ബി എത്തിച്ച് മുട്ടിന്റെ ഒരു ഭാഗം കൂടി നീക്കം ചെയ്‌തോടെയാണ് ആശങ്ക ഒഴിഞ്ഞത്.