കുറവിലങ്ങാട് : കനത്ത കാറ്റും മഴയും കുറവിലങ്ങാട്, ഉഴവൂർ, വെളിയന്നൂർ, കടപ്ലാമറ്റം, കാണക്കാരി മേഖലകളിൽ നാശംവിതച്ചു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ഒരു മാസത്തിനിടയിൽ സംഭവിച്ച പ്രകൃതിക്ഷോഭത്തിൽ 7.5 കോടി രൂപയുടെ കൃഷിനാശമാണ് ഉണ്ടായത്. കടപ്ലാമറ്റം പഞ്ചായത്തിലെ കൂവെള്ളൂർക്കുന്ന്, ഐയം കാനി, കൂരയ്ക്കനാൽ ഭാഗങ്ങളിൽ ഒട്ടേറെ പേരുടെ കൃഷി നശിച്ചു. കഴിഞ്ഞ നാലു ദിവസമായി എം.സി റോഡിന്റെ പല ഭാഗങ്ങളും വെള്ളത്താൽ മൂടപ്പെട്ട സ്ഥിതിയിലാണ്. മരങ്ങാട്ടുപിള്ളി - കടപ്ലാമറ്റം റൂട്ടിൽ മരങ്ങാട്ടുപിള്ളി ജംഗ്ഷന് സമീപം വെള്ളം കയറി. തോട്ടുവ കവലയിലും റോഡിൽ വെള്ളം കയറി. കനത്ത കാറ്റിൽ മരങ്ങാട്ടുപിളളി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി തൂണുകൾ തകർന്നു. കുറവിലങ്ങാട് സെക്ഷന് കീഴിലുള്ള വെമ്പള്ളി ഉൾപ്പെടെ പല സ്ഥലങ്ങളിലും വൈദ്യുതി തകരാർ സംഭവിച്ചു. കടുത്തുരുത്തി മേഖലയിലും വ്യാപകമായ കൃഷി നാശം സംഭവിച്ചു. കല്ലറയിൽ കൊയ്ത്തു നടന്നു വന്നിരുന്ന 300 ഏക്കർ പാടശേഖരത്തിൽ വെള്ളം നിറഞ്ഞ് നെൽ കൃഷി നശിച്ചു. 1.80 കോടി രൂപയുടെ നാശനഷ്ടം. കല്ലറ കൃഷിഭവന് കീഴിലെ കുറുപ്പംപറമ്പ് , മാലിക്കരി, മീത്തിപ്പറമ്പ് , പാടശേഖരങ്ങളിലെ കൃഷിയാണ് വെള്ളം കയറി നശിച്ചത്. മൂന്നു ദിവസമായി ബണ്ട് കവിഞ്ഞ് പാടത്ത് വെള്ളം നിറയുകയായിരുന്നുവെന്ന് കൃഷിക്കാർ പറയുന്നു.