പാലാ : കഴിഞ്ഞ ദിവസം മീനച്ചിൽ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ വീശിയടിച്ച കൊടുങ്കാറ്റിൽ രണ്ടുകോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്. മീനച്ചിൽ താലൂക്കിലെ 12 വില്ലേജുകളിലായി 66 വീടുകളാണ് കാറ്റിൽ മരം വീണ് തകർന്നത്. ഇതിൽ ഏഴെണ്ണം പൂർണ്ണമായും തകർന്നു. പൂർണ്ണമായും തകർന്ന വീടുകൾക്ക് 7ലക്ഷം രൂപയുടെ നഷ്ടവും, ഭാഗികമായി തകർന്ന വീടുകൾക്കായി 30ലക്ഷത്തിന്റെ നഷ്ടവുമാണ് കണക്കാക്കിയിട്ടുള്ളത്. ളാലം വില്ലേജിലാണ് കൂടുതൽ വീടുകൾ തകർന്നത്. വള്ളിച്ചിറ, കിടങ്ങൂർ, രാമപുരം വില്ലേജുകളിൽ 4 വീടുകൾ വീതം ഭാഗികമായി തകർന്നു. കടനാട്ടിലും പുലിയന്നൂരിലും 3 വീതവും മൂന്നിലവിലും ഭരണങ്ങാനത്തും 2 വീതവും വീടുകൾ തകർന്നു. മേലുകാവ്, ഈരാറ്റുപേട്ട, കാണക്കാരി, വില്ലേജുകളിൽ ഒരോ വീടുകളാണ് തകർന്നത്. അതാത് പഞ്ചായത്തുകളിലെ ഓവർസീയർമാർ എടുത്ത പ്രാഥമിക കണക്കാണിത്. മീനച്ചിൽ തഹസീൽദാർ രഞ്ജിത്ത് ജോർജിന്റെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥർ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലെത്തി. കൃഷി നാശം കൂടുതലും ളാലം വില്ലേജിലാണ്. അറുനൂറോളം റബർ മരങ്ങൾ കാറ്റിൽ കടപുഴകി. ഒരു കോടിയിൽപ്പരം രൂപയുടെ കൃഷിനാശമാണ് കണക്കാക്കുന്നത്. കെ.എസ്.ഇ.ബിയുടെ ഇരുനൂറിൽപ്പരം പോസ്റ്റുകൾ തകർന്നു. കരൂർ, മുത്തോലി, കിടങ്ങൂർ, രാമപുരം, കൊഴുവനാൽ, പഞ്ചായത്തുകളിലാണ് കാറ്റ് ഏറെ നാശം വിതച്ചത്.
വീട് തകർന്നവർക്ക് ഉടൻ നഷ്ടപരിഹാരമില്ല
വീട് തകർന്നവർക്ക് ഉടൻ സഹായം കിട്ടുമെന്ന പ്രതീക്ഷ വേണ്ട. നാശനഷ്ടം സംബന്ധിച്ച് ജില്ലാ കളക്ടർ അടിയന്തിര റിപ്പോർട്ട് സർക്കാരിന് കൊടുത്തിട്ടുണ്ട്. ഇത് പരിശോധിച്ച് ഫണ്ട് അനുവദിക്കാൻ കാലതാമസമുണ്ടാകുമെന്നാണ് സൂചന. നഷ്ടത്തിന്റെ ശതമാന തോത് അനുസരിച്ചാണ് തുക ലഭിക്കുന്നത്.