പാലാ : കെ.എസ്.ഇ.ബിയുടെ 33 കെ.വി ലൈൻ മൂന്ന് ദിവസം തുടർച്ചയായി തകരാറിലായത് ജനത്തെ ദുരിതത്തിലാക്കി. കരൂർ, രാമപുരം, വെളിയന്നൂർ പഞ്ചായത്തുകളിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 50 മണിക്കൂറോളമാണ് വൈദ്യുതി വിതരണം നിലച്ചത്. രാമപുരം മേഖലയിൽ വെള്ളിയാഴ്ച മൂന്നിന് മുടങ്ങിയ വൈദ്യുതി വിതരണം ശനിയാഴ്ച വൈകിട്ട് 4 ഓടെയാണ് പുന:സ്ഥിപിച്ചത്. വൈദ്യുതി ബന്ധം മുറിഞ്ഞതോടെ ഫോണുകൾ ചാർജില്ലാതെ ഓഫായി. കനത്ത മഴയും കാറ്റും ലൈനിലുണ്ടാക്കുന്ന നഷ്ടങ്ങൾ കെ.എസ്.ഇ.ബിയ്ക്ക് വലിയ ജോലിഭാരമാണ് ഉണ്ടാക്കിയിരിക്കുന്നത്. മഴക്കാലപൂർവ അറ്റകുറ്റപ്പണികൾ നടക്കുന്ന സാഹചര്യത്തിൽ പ്രകൃതിക്ഷോഭം ജീവനക്കാരുടെ ജോലിയെ തടസപ്പെടുത്തുന്നുമുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ജീവനക്കരുടെ എണ്ണം കുറച്ചതും ജോലിക്കാരുടെ ലഭ്യതക്കുറവും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തടസമാകുന്നുണ്ട്.