വൈക്കം : കൊവിഡ് മൂലം ക്ഷീരമേഖലയും ക്ഷീരകർഷകരും നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ മിൽമയും സംസ്ഥാന സർക്കാരും അടിയന്തിരമായി ഇടപെടണമെന്ന് അഖിലേന്ത്യാ കിസാൻസഭ ഉദയനാപുരം മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഉത്പാദന ചെലവിലുണ്ടായ വർദ്ധനമൂലം വരവും ചെലവും പൊരുത്തപ്പെടാതെ നട്ടംതിരിയുന്ന കർഷകർക്ക് കൊവിഡ് വലിയ ദുരിതമാണ് വരുത്തിവച്ചിരിക്കുന്നത്. സ്വകാര്യ കമ്പനികൾ അടിക്കടി വില വർദ്ധിപ്പിക്കുന്നതുമൂലം കാലിത്തീറ്റയുടെ വില അടുത്തകാലത്ത് വലിയതോതിൽ വർധിക്കുകയുണ്ടായി. ഇതിനുപുറമെയാണ് തീറ്റ സംഭരിക്കുന്നതിന് രോഗവ്യാപനവും നിയന്ത്രണങ്ങളും തടസമാകുന്നത്. ഒരു ലിറ്റർ പാലിന് 42 രൂപയിലധികം ഉൽപാദന ചെലവ് വരുന്നുണ്ടെന്ന് മിൽമ നിയോഗിച്ച കമ്മിറ്റി തന്നെ കണ്ടെത്തിയിട്ടും മിൽമ നൽകുന്ന വിലയനുസരിച്ച് 3839 രൂപ മാത്രമാണ് സംഘങ്ങൾ കർഷകർക്കു നൽകുന്നത്. ലോക്ക്ഡൗണിനെത്തുടർന്ന് ഹോട്ടലുകളും കടകളും അടഞ്ഞതോടെ സംഘങ്ങളിൽ നിന്നുള്ള പാൽ വിതരണം ഗണ്യമായി കുറയുകയും സംഘങ്ങളുടെ നിലനിൽപ് തന്നെ അപകടത്തിലായിരിക്കുകയാണ്. ക്ഷീരകർഷകരെയും ജീവനക്കാരെയും മുൻനിര പ്രവർത്തകരായി കണ്ട് അവരെ സംരക്ഷിക്കണമെന്നും ഉൽപാദക ബോണസ്, സബ്‌സിഡി എന്നിവയിലൂടെ കർഷകരെ സഹായിക്കണമെന്നും സംഘങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള പാൽ സംഭരണ നിയന്ത്രണം പിൻവലിക്കണമെന്നും ക്ഷീരകർഷകരുടെ കാർഷിക കടങ്ങൾ എഴുതി തള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് വി.ടി.അജയഘോഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കെഎം മുരളീധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. കുര്യാക്കോസ് ചിറയിൽ, വിജയൻ വാഴമന, കെകെ സാബു എന്നിവർ പ്രസംഗിച്ചു.