highway
വളകോടിന് സമീപം കൊച്ചിതേക്കടി സംസ്ഥാനപാത ഇടിഞ്ഞുതാഴ്ന്ന് ഗർത്തം രൂപപ്പെട്ടപ്പോൾ


കാറിനുമുകളിൽ മരംവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
പോസ്റ്റിൽ നിന്ന് വീണ് ലൈൻമാന് പരിക്ക്
കട്ടപ്പനയിൽ 5 ഹെക്ടറിൽ കൃഷിനാശം


കട്ടപ്പന: തുള്ളിക്കൊരുകുടമായി പേമാരി മൂന്നാം ദിവസവും പെയ്തിറങ്ങി. കൊവിഡ് മഹാമാരിയുടെ ഭീതിക്കിടെ കൊടുങ്കാറ്റായി വന്ന പേമാരി ഹൈറേഞ്ചിനെ പിടിച്ചുകുലുക്കി. കാറ്റിന് ശമനമുണ്ടായെങ്കിലും കനത്ത മഴ തുടരുകയാണ്. ഇന്നലെ രാവിലെയോടെ ആകാശം തെളിഞ്ഞെങ്കിലും ഉച്ചയോടെ വീണ്ടും മഴ ശക്തിപ്രാപിപ്പിക്കുകയായിരുന്നു. കുമളിമൂന്നാർ സംസ്ഥാനപാതയിൽ പുളിയൻമല അപ്പാപ്പൻപടിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം കടപുഴകി വീണ് വീട്ടമ്മ മരിച്ചു. തൊടുപുഴ വെണ്ടാനത്ത് സെബാസ്റ്റ്യന്റെ ഭാര്യ സൂസമ്മ(62) യാണ് മരിച്ചത്. സെബാസ്റ്റ്യൻ(70), മകൻ അരുൺ(33) എന്നിവർക്ക് പരിക്കേറ്റു. ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ പോസ്റ്റിൽ നിന്ന് വീണ് ലൈൻമാന് ഗുരുതരമായി പരക്കേറ്റു. കെ.എസ്.ഇ.ബി. കാഞ്ചിയാർ സെക്ഷൻ ലൈൻമാൻ വള്ളക്കടവിൽ റെജിയാണ് അപകടത്തിൽപെട്ടത്.
കട്ടപ്പന മേഖലയിൽ 5 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. ഏത്തവാഴ, ഏലം, കപ്പ എന്നിവയാണ് കൂടുതലായി നശിച്ചത്. നിലംപൊത്തിയവരിൽ ഏറെയും കുലച്ച ഏത്തവാഴകളാണ്. മരങ്ങളും മരച്ചില്ലകളും ഒടിഞ്ഞുവീണ് ഏലംകൃഷിയും നശിച്ചു. കൃഷിനാശമുണ്ടായവർക്ക് നഷ്ടപരിഹാരം ലഭിക്കാൻ ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
കനത്ത മഴയിൽ നിർമ്മാണത്തിലിരുന്ന കൊച്ചിതേക്കടി സംസ്ഥാനപാത ഇടിഞ്ഞുതാഴ്ന്നു. ബി.എം.ബി.സി. നിലവാരത്തിൽ നിർമാണം നടക്കുന്ന റോഡിൽ വാഗമണ്ണിനും വളകോടിനുമിടയിലെ കുവലേറ്റം ഭാഗത്താണ് ഇടിഞ്ഞുതാഴ്ന്ന് വൻ ഗർത്തം രൂപപ്പെട്ടത്. നേരത്തെ റോഡിന്റെ അടിവശത്തെ മണ്ണൊലിച്ച് പോയിരുന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം ദുഷ്‌കരമായി. റോഡിന്റെ വശത്തുനിന്ന് മദ്ധ്യഭാഗം വരെ ഒരടയോളം ഇടിഞ്ഞുതാഴ്ന്നിരിക്കുകയാണ്. മുമ്പ് ഇവിടെ എടുത്തിട്ട മണ്ണ് രണ്ട് ദിവസത്തെ മഴയിൽ ഒലിച്ചുപോയിരുന്നു. മുമ്പ് ഗർത്തം രൂപപ്പെട്ടപ്പോൾ കലുങ്ക് നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതർ മണ്ണിട്ട് നികത്തുകയായിരുന്നു.
മരം കടപുഴകി വീണ് വളകോട് സാമൂഹികാരോഗ്യ കേന്ദ്രത്തിന് കേടുപാട് സംഭവിച്ചു. ശനിയാഴ്ച രാത്രിയിലാണ് അപകടം. കെട്ടിടത്തിന്റെ ചിമ്മിനിയുടെ ഭാഗം തകർന്നു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സും ഇവിടെ താമസിച്ചിരുന്നെങ്കിലും അപകടസമയം ഇവർ സ്ഥലത്ത് ഉണ്ടായിരുന്നില്ല.