home

കോട്ടയം: മൂന്നു ദിവസങ്ങളായി തിമിർത്തു പെയ്ത മഴയ്ക്ക് ശമനമുണ്ടായെങ്കിലും ജില്ലയുടെ പടിഞ്ഞാറൻ മേഖല വെള്ളത്തിനടിയിൽത്തന്നെ. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നുതന്നെയാണ്. ശക്തമായ ഒഴുക്കും ആറ്റിലുണ്ട്. കോടിമതയിൽ കൊടൂരാർ കരകവിഞ്ഞു. ആലപ്പുഴ-ചങ്ങനാശേരി റോഡിലും കുമരകത്ത് ആറ്റാമംഗലം പള്ളിക്ക് മുമ്പിലെ റോഡിലും വെള്ളം കയറി. കൊല്ലാട്, സംക്രാന്തി, വേളൂർ, പരിപ്പ്, ചിങ്ങവനം, നാഗമ്പടം, പേരൂർ പ്രദേശങ്ങളിലും റോഡുകളിൽ വെള്ളം കയറി. തണ്ണീർമുക്കം ബണ്ടിന്റെ ഷർട്ടറുകൾ തുറന്നെങ്കിലും വെള്ളം കാര്യമായി ഇറങ്ങുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

ജില്ലയിൽ പെയ്ത മഴയിലും കാറ്റിലും 232 വീടുകൾക്ക് ഭാഗികമായി നാശനഷ്ടമുണ്ടായി. ഒരു വീട് പൂർണമായും തകർന്നിട്ടുണ്ട്. കോട്ടയം താലൂക്കിലാണ് കൂടുതലും നാശം ഉണ്ടായിട്ടുള്ളത്. മീനച്ചിൽ താലൂക്കിൽ 78 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ചങ്ങനാശേരി താലൂക്കിൽ 2,000 വീടുകൾ വെള്ളപൊക്ക ഭീഷണിയിലാണ്.

വീടുകളിൽ വെള്ളം കയറിയതോടെ കിളിരൂരിൽ കൊവിഡ് ബാധിതർക്ക് മാത്രമായി ക്യാമ്പ് ആരംഭിച്ചു. കൂടാതെ തിരുവാർപ്പ് ഗവ.യു.പി സ്കൂളിലും ക്യാമ്പ് തുറന്നിട്ടുണ്ട്. 220 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. ജില്ലയിൽ 8 ദുരിതാശ്വാസ കേന്ദ്രങ്ങൾ തുടങ്ങി. മഴയുടെ ശക്തി കുറയുകയും ആകാശം തെളിയുകയും ചെയ്തതോടെ ഇന്ന് വൈകിട്ടോടെ വെള്ളം ഇറങ്ങുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ നാളെ രാവിലെയോടെ ക്യാമ്പുകളിൽനിന്ന് വീടുകളിലേക്ക് ആളുകൾക്ക് മടങ്ങാനാവുമെന്നാണ് കരുതുന്നത്.

കറുകച്ചാൽ, നെടുംകുന്നം, വാകത്താനം മേഖലകളിൽ വൻതോതിൽ കൃഷിനാശം ഉണ്ടായി. തോടുകളിൽ വെള്ളം നിറഞ്ഞതോടെ പല സ്ഥലങ്ങളിലും സംരക്ഷണ ഭിത്തികൾ തകർന്നിട്ടുണ്ട്. ചങ്ങനാശേരി-വാഴൂർ, മണിമല റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്.

കുമരകം പ്രദേശത്ത് 200 ഏക്കറിലധികം നെൽകൃഷി നശിച്ചു. കൊയ്ത്ത് കഴിഞ്ഞ കൂട്ടിയിട്ടിരുന്ന 100 ലോഡോളം നെല്ല് നനഞ്ഞുകിടക്കുകയാണ്. സിവിൾ സപ്ലൈ ഏജന്റുമാർ സമയത്ത് എത്താതിരുന്നതാണ് നെല്ല് നനഞ്ഞ് നശിക്കാൻ ഇടയാക്കിയതെന്ന് കർഷകർ പറയുന്നു. കപ്പയും പച്ചക്കറി കൃഷിയും ജില്ലയിൽ പരക്കെ നശിച്ചിട്ടുണ്ട്. വാകത്താനം മേഖലയിൽ പാടശേഖരത്തിന്റെ പുറം ബണ്ടിൽ കൃഷിചെയ്തിരുന്ന കപ്പ മൂന്നു ദിവസം വെള്ളം കെട്ടിനിന്നതോടെ ചീഞ്ഞുതുടങ്ങി. ഇനി ഇത് ഉപയോഗിക്കാൻ കഴിയില്ലെന്നാണ് കർഷകർ പറയുന്നത്.