കോട്ടയം: കനത്തമഴയെ തുടർന്ന് താറുമാറായ വൈദ്യുതി പൂർണ്ണതോതിൽ പുനസ്ഥാപിക്കാൻ കഴിയാതെ കെ.എസ്.ഇ.ബി. സംക്രാന്തി, അയ്മനം, നാട്ടകം പ്രദേശങ്ങളിൽ ഇപ്പോഴും വൈദ്യുതി വിതരണം പൂർണമായും പുനസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. പല സ്ഥലങ്ങളും പോസ്റ്റുകൾ ഒടിഞ്ഞത് വെല്ലുവിളിയായി. വെള്ളം കയറിക്കിടന്നതിനാൽ പല സ്ഥലത്തും അറ്റകുറ്റപണി പോലും നടത്താൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് പല സ്ഥലങ്ങളിലും വൈദ്യുതി വിതരണം പൂർണമായും തടസപ്പെട്ടത്.അറ്റകുറ്റപണികൾ പൂർത്തിയാകാൻ ഇനിയും രണ്ടു ദിവസമെങ്കിലും വേണ്ടിവരുമെന്ന് വൈദ്യുതി വകുപ്പ് അധികൃതർ പറയുന്നു. കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും, ദുരിതാശ്വാസ ക്യാമ്പുകളിലും വൈദ്യുതി ഉറപ്പാക്കാൻ ജില്ലാ ഭരണകൂടം കെ.എസ്.ഇ.ബിയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ 31 ക്യാമ്പുകളിലായി 168 കുടുംബങ്ങളിലെ 566 പേരാണ് ഇപ്പോഴുള്ളത്.