മുണ്ടക്കയം: പഞ്ചായത്തിൽ കൊവിഡ് വ്യാപനം ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ ധാരണയായി.പഞ്ചായത്തിലെ എല്ലാ വാർഡിലും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും തുറക്കാൻ അനുമതി ഉള്ള സ്ഥാപനങ്ങളും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങൾ മാത്രമേ തുറക്കുകയുള്ളൂ. മെഡിക്കൽ സ്റ്റോറിന് നിയന്ത്രണം ബാധകമല്ല. കൊവിഡ് ബാധിച്ച് 28 മരണങ്ങളാണ് പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 400ൽ അധികം രോഗികൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ടൗണിന് സമീപമേഖലകളിൽ ആവശ്യസാധനകളുടെ ലഭ്യതയുള്ള പ്രാദേശങ്ങളിൽ നിന്നും ടൗണിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. മെഡിസിൻ ഉൾപ്പെടെ ആവശ്യസാധനങ്ങൾ വാങ്ങാൻ വോളണ്ടിയേഴ്‌സിന്റെ സഹായം തേടണം. രോഗവ്യാപനം കൂടുതലുഉള്ള വാർഡുകളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി ഗിരിജാകുമാരി അയ്യപ്പൻ, വൈസ് പ്രസിഡന്റ് ദിലീഷ്, സി വി അനിൽ കുമാർ,, വാർഡ് അംഗം പ്രസന്ന, ഹെൽത്ത് ഇൻസ്‌പെക്ടർ സാബു,വ്യാപാരി സംഘടന പ്രതിനിധികളായ അനിൽ സുനിത, ആർ.സി നായർ മനോജ്, നജീബ്, സുരേഷ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ റോയ് കപ്പലുമാക്കൽ, എം.ജി രാജു, കെ.വി മധു, തുടങ്ങിയവർ പങ്കെടുത്തു.