പാലാ: കുളം കണ്ടം' കുളമായിട്ടും ' അധികാരികൾക്ക് കുലുക്കമില്ല. ജനം, വേണെങ്കിൽ വെള്ളത്തിലിറങ്ങി നടന്നോട്ടേയെന്ന മട്ട്. പാലാ നഗരസഭ 11ാം വാർഡിലെ 'കുളം കണ്ടം' മൈതാനവും പരിസര പ്രദേശങ്ങളും ഒറ്റമഴയിൽ കുളമാകും.പിന്നെ വഴിയാത്രക്കാർ മുട്ടൊപ്പം വെള്ളത്തിൽ നടക്കണം. ജനങ്ങളുടെ ദുരിതം കാണാൻ വാർഡ് കൗൺസിലർക്കും നഗരസഭാധികാരികൾക്കും കണ്ണുമില്ല!. ഈ ഭാഗത്തെ എൺപതോളം വീട്ടുകാരുടെയും ദൈവദാസൻ സെന്റർ ജൂബിലി ഭവനിലെ അന്തേവാസികളുടെയും ഏക ആശ്രയമാണ് കുളം കണ്ടം മൈതാനത്തിനു സമീപത്തൂടെയുള്ള വഴി. മഴക്കാലമായാൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കാൽനടയാത്രക്കാരെല്ലാം മുട്ടൊപ്പം വെള്ളത്തിലൂടെയാണ് സഞ്ചാരം. ചെറിയൊരു മഴ പെയ്താൽ പോലും ഉണ്ടാകുന്ന വെള്ളക്കെട്ട് മൂലം ഇവിടെ ഗതാഗതവും തടസപ്പെടുന്നു. ഇഴജന്തുക്കളുടെ ശല്യം മൂലം പ്രദേശവാസികൾക്ക് പുറത്തിറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയുമുണ്ട്. വെള്ളക്കെട്ട് മൂലം എലിപ്പനി,ഡെങ്കിപ്പനി തുടങ്ങിയ മഴക്കാലജന്യ പകർച്ചവ്യാധികൾ ഉണ്ടാകുമോ എന്ന ഭീതിയിലും ആശങ്കയിലുമാണ് ജനങ്ങൾ. നിലവിൽ ഈ ഭാഗത്തുണ്ടായിരുന്ന ഓടയുടെ ആഴവും വീതിയും കുറച്ച് കൊണ്ട് അശാസ്ത്രീയമായി മറ്റൊരു ഓട നിർമ്മിച്ച് സ്ലാബുകൾ നിരത്തിയതാണ് വിനയായതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
പരാതി പറയും, പക്ഷേ?
കാലാകാലങ്ങളായി മാറിമാറിവന്ന നഗരസഭാ കൗൺസിലർമാരോട് വിഷയം നാട്ടുകാർ ഉന്നയിച്ചിട്ടും ഫണ്ടില്ല എന്ന കാരണം പറഞ്ഞ് പ്രദേശത്തെ അവഗണിക്കുകയായിരുന്നു എന്നാണ് ആരോപണം. മുൻസിപ്പൽ അധികൃതർ അടിയന്തിരമായി വിഷയത്തിൽ ഇടപെടണമെന്നും റോഡിനു കുറുകെ കലുങ്ക് നിർമ്മിച്ച് വൈപ്പന മണിക്കടവ് വരെയുള്ള ഭാഗത്തെ ഓടയ്ക്ക് ആഴംകൂട്ടി റോഡിലെ വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാക്കണമെന്നും പരിസരവാസികൾ ആവശ്യപ്പെടുന്നു.