കട്ടപ്പന: ആകെയുണ്ടായിരുന്ന കൂര കഴിഞ്ഞദിവസത്തെ മഴയിൽ തകർന്നതോടെ, കിടപ്പുരോഗിയായ വൃദ്ധമാതാവ് അടങ്ങുന്ന കുടുംബത്തെ ഇരട്ടയാർ പഞ്ചായത്ത് അധികൃതർ മാറ്റി പാർപ്പിച്ചു. കൊച്ചുകാമാക്ഷി തേനംമാക്കൽ മോളിയേയും കുടുംബത്തെയുമാണ് വാടക വീട്ടിലേക്ക് മാറ്റിയത്. പ്രദേശവാസി സൗജന്യമായി നൽകിയ 20 സെന്റ് സ്ഥലത്ത് പടുത ഉപയോഗിച്ച് നിർമിച്ച ഷെഡ്ഡിലാണ് ഇവർ കഴിഞ്ഞിരുന്നത്. കഴിഞ്ഞദിവസത്തെ മഴയിൽ മേൽക്കൂര നിലംപൊത്തി. വിവരമറിഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് ജിൻസൺ വർക്കി, വൈസ് പ്രസിഡന്റ് ബിൽസി ജോണി എന്നിവർ സ്ഥലത്തെത്തി വാടകവീടെടുത്ത് ഇവരെ മാറ്റി പാർപ്പിക്കുകയായിരുന്നു. ഡി.വൈ.എഫ്.ഐ. പ്രവർത്തകർ വീട്ടുപകരണങ്ങൾ പുതിയ വീട്ടിലേക്ക് എത്തിച്ചുനൽകി. വാടക ഉൾപ്പെടെയുള്ള ചെലവുകൾ പഞ്ചായത്ത് വഹിക്കും. തുടർന്ന് ലൈഫ് പദ്ധതിയിലൂടെ ഇവർക്ക് പുതിയ വീട് നിർമിച്ചുനൽകുമെന്ന് ജിൻസൺ വർക്കി അറിയിച്ചു.